മുംബൈ : മഹാരാഷ്ട്രയിലെ ചന്ദ്രാപൂർ ജില്ലയിൽ സർക്കാർ ട്രൈബൽ റെസിഡൻഷ്യൽ സ്കൂളിൽ വിദ്യാർഥികൾക്ക് നൽകിയ ശിക്ഷ വിവാദത്തിൽ.ജംബുൽഘട്ടിലെ സ്കൂളിലാണ് ഏകദേശം 82 വിദ്യാർഥികളുടെ തല പാതി മുണ്ഡനം ചെയ്തതായി പരാതി ഉയർന്നത്. സ്കൂളിൽ മുടിവെട്ടുന്നതിനായി നിശ്ചയിച്ചിരുന്ന ശനിയാഴ്ച ചില കുട്ടികൾ മുടിവെട്ടാൻ എത്താതെ കളിക്കാൻ പോയതാണ് നടപടിക്ക് കാരണമെന്നാണ് ആരോപണം.
തുടർന്ന് കുട്ടികളുടെ തല പാതിയായി മുണ്ഡനം ചെയ്യുകയായിരുന്നു. വികൃതമായ രീതിയിൽ മുടിവെട്ടിയ കുട്ടികളുടെ ദൃശ്യങ്ങളും പുറത്തുവന്നതോടെ സംഭവം വലിയ പ്രതിഷേധത്തിനിടയാക്കി.വിവാദം ശക്തമായതോടെ ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ടു. പാതി മുണ്ഡനം ചെയ്ത കുട്ടികളുടെ മുടി വൃത്തിയായി വെട്ടാനും അസമമായ രീതിയിൽ മുടിവെട്ടിയവരുടെ ഹെയർകട്ട് ഒരേ രീതിയിലാക്കാനും നിർദേശം നൽകി.
സംഭവത്തിൽ സ്കൂൾ സൂപ്രണ്ടിന് കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്.അതേസമയം, വിദ്യാർഥികളെ ശിക്ഷിക്കാനല്ല ഇത്തരത്തിൽ മുടിവെട്ടിയതെന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം. മുടിവെട്ടുന്നതിനിടെ ട്രിമ്മറിന്റെ ചാർജ് തീർന്നതാണ് പാതിവഴിയിൽ മുടിവെട്ടൽ അവസാനിക്കാൻ കാരണമെന്നാണ് അധികൃതർ പറയുന്നത്.എന്നാൽ, 82ഓളം വിദ്യാർഥികളെ ബാധിച്ച സംഭവത്തിൽ അധികൃതരുടെ വിശദീകരണം കൂടുതൽ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
