ന്യൂഡൽഹി: കേരളത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂറിനെ നിയമിച്ചു. നിലവിൽ സിക്കിം ഗവർണറായ മാഥൂറിനെ കേരളത്തിലേക്ക് മാറ്റി നിയമിച്ചുകൊണ്ടുള്ള രാഷ്ട്രപതിയുടെ ഉത്തരവ് പുറത്തിറങ്ങി. കേരള ഗവർണറായ രാജേന്ദ്ര ആർലേകറിന് തമിഴ്നാട് ഗവർണറുടെ സ്ഥിരം ചുമതലയും നൽകി.
ഓം പ്രകാശ് മാഥൂറിന് പകരം ദുഷ്യന്ത് ഗൗതമിനെ സിക്കിം ഗവർണറായി നിയമിച്ചു. ബ്രജ് മോഹൻ റാമിനെ ഒഡീഷ ഗവർണറായും ഡോ. സുധ യാദവിനെ കർണാടക ഗവർണറായും ഡോ. ധൽ സിങ് ബിസനെ ഉത്തരാഖണ്ഡ് ഗവർണറായും നിയമിച്ചിട്ടുണ്ട്.
രാജസ്ഥാനിലെ ബിജെപി രാഷ്ട്രീയത്തിലെ പ്രമുഖ നേതാവായ ഓം പ്രകാശ് മാഥൂർ നേരത്തെയും പാർട്ടിക്കുള്ളിലെ ചർച്ചകളിൽ ഇടംപിടിച്ചിട്ടുണ്ട്. ഒരു സ്ഥാനാർഥിയുടെ പേര് താൻ തീരുമാനിച്ചാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുപോലും അത് മാറ്റാനാകില്ലെന്ന തരത്തിൽ നടത്തിയ പരാമർശം വിവാദമായിരുന്നു. ബിജെപിക്കുള്ളിൽ നിന്നുതന്നെ വിമർശനമുയർന്നതോടെ, തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും പ്രധാനമന്ത്രിയെ അപമാനിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും മാഥൂർ വിശദീകരിച്ചിരുന്നു.
ആർഎസ്എസ് പ്രചാരകനായി പൊതുപ്രവർത്തനം ആരംഭിച്ച മാഥൂർ രാജസ്ഥാനിൽ നിന്നുള്ള മുതിർന്ന ബിജെപി നേതാവാണ്. 2008ൽ രാജസ്ഥാനിൽ ബിജെപി സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റു. പിന്നീട് പാർട്ടിയുടെ ദേശീയ നേതൃത്വത്തിലെത്തിയ അദ്ദേഹം ഗുജറാത്തിന്റെ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു.
1989 മുതൽ 2024 വരെ ബിജെപിയുടെ ദേശീയ എക്സിക്യൂട്ടീവ് അംഗമായിരുന്ന മാഥൂർ ഗുജറാത്ത്, കർണാടക, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ജാർഖണ്ഡ്, ഛത്തീസ്ഗഡ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ പാർട്ടിയുടെ തിരഞ്ഞെടുപ്പ് ചുമതലകളും നിർവഹിച്ചിട്ടുണ്ട്. 2008ലും 2016ലും രാജസ്ഥാനിൽനിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
രാജസ്ഥാനിലെ ബാലി സ്വദേശിയായ ഓം പ്രകാശ് മാഥൂറിനെ 2024ലാണ് സിക്കിം ഗവർണറായി നിയമിച്ചത്. ഇപ്പോൾ കേരളത്തിന്റെ ഗവർണറായി ചുമതലയേൽക്കുന്നതോടെ സംസ്ഥാനത്തെ പുതിയ ഭരണഘടനാ പദവിയിലേക്കുള്ള അദ്ദേഹത്തിന്റെ നിയമനം രാഷ്ട്രീയ ശ്രദ്ധ നേടുകയാണ്.



