ചെന്നൈ: ഇന്ത്യൻ ടി20 ടീം മാനേജ്മെന്റിന്റെയും പരിശീലകൻ ഗൗതം ഗംഭീറിന്റെയും നിരന്തരമുള്ള പരീക്ഷണങ്ങൾക്കെതിരെ വിമർശനവുമായി മുൻ ക്യാപ്റ്റനും ചീഫ് സെലക്ടറുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത്. കളിക്കാരെ അടിക്കടി മാറ്റുന്ന ശൈലി കൗമാരതാരം വൈഭവ് സൂര്യവംശിയുടെയും മലയാളി താരം സഞ്ജു സാംസണിന്റെയും ആത്മവിശ്വാസം തകർത്തതായി ശ്രീകാന്ത് തുറന്നടിച്ചു. ടോപ് ഓർഡറില് ഒട്ടേറെ കഴിവുറ്റ താരങ്ങൾ ഇന്ത്യക്കുണ്ട്. അഭിഷേക് ശർമ്മ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ തുടങ്ങിയ പ്രമുഖരെല്ലാം ഐപിഎല്ലിൽ അതത് ടീമുകളുടെ പ്രധാന ഓപ്പണർമാരാണ്.
ഇതിൽ അഭിഷേക് ശർമ്മയ്ക്ക് തുടർച്ചയായി അവസരങ്ങൾ ലഭിക്കുമ്പോൾ സഞ്ജുവിനും വൈഭവ് സൂര്യവംശിക്കും ടീമിൽ കൃത്യമായ സ്ഥാനം നൽകാതെ മാറ്റിനിർത്തുന്നത് കളിക്കാരുടെ മാനസികവീര്യത്തെ ബാധിക്കുമെന്ന് ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കി. ചില അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങളിലെ മോശം പ്രകടനത്തിന് ശേഷം വൈഭവ് സൂര്യവംശിക്ക് അവസരം നൽകുകയും, പിന്നീട് സിംബാബ്വെ പര്യടനത്തിൽ വൈഭവ് 50, 20, 81 എന്നിങ്ങനെ മികച്ച സ്കോറുകൾ നേടുകയും ചെയ്തിരുന്നു. എന്നാൽ അതിന് ശേഷവും താരത്തിന് ടീമിൽ സ്ഥിരതയുള്ള അവസരം നൽകാൻ മാനേജ്മെന്റ് തയ്യാറായിട്ടില്ല.
അവർ സഞ്ജു സാംസണിന്റെ മാത്രമല്ല, വൈഭവ് സൂര്യവംശിയുടെ ആത്മവിശ്വാസവും പൂർണ്ണമായി തകർത്തു കളഞ്ഞു. വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിൽ വൈഭവിന് മൂന്ന് മത്സരങ്ങളിലെങ്കിലും അവസരം നൽകണമായിരുന്നു. അഭിഷേക് ശർമ്മയെ ഇത്രയും മത്സരങ്ങളിൽ കളിപ്പിച്ച സ്ഥിതിക്ക് അദ്ദേഹത്തിന് വിശ്രമം നൽകി, അടുത്ത മത്സരത്തിൽ വൈഭവിനെയും സഞ്ജുവിനെയും കൊണ്ട് ഓപ്പൺ ചെയ്യിക്കാമായിരുന്നുവെന്നും ശ്രീകാന്ത് പറഞ്ഞു. സഞ്ജു സാംസണിന്റെ സ്ഥിരതയില്ലായ്മയെക്കുറിച്ചും ശ്രീകാന്ത് ചില ചോദ്യങ്ങൾ ഉയർത്തി. 2026 ടി20 ലോകകപ്പിലെ ഫൈനലിലടക്കം നിർണായക മത്സരങ്ങളിൽ സഞ്ജു ഗംഭീര പ്രകടനം നടത്തിയെങ്കിലും, അതിന് ശേഷം പ്രകടനത്തിൽ സ്ഥിരത പുലർത്താൻ സാധിച്ചിട്ടില്ലെന്ന് ശ്രീകാന്ത് പറഞ്ഞു.



