ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ‘വാരണാസി’യിലെ പൃഥ്വിരാജ് സുകുമാരന്റെ കഥാപാത്രത്തെക്കുറിച്ച് വാചാലനായി സംവിധായകൻ എസ്.എസ്. രാജമൗലി. പൃഥ്വിരാജിന്റെ ജന്മദിനത്തിൽ ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് രാജമൗലി ആശംസകൾ നേർന്നത്. ‘വാരണാസി’ ടീമിന്റെ സ്വന്തം കുംഭയെന്നാണ് പൃഥ്വിരാജിനെ അദ്ദേഹം വിശേഷിപ്പിച്ചത്.
“അനന്തമായ സാധ്യതകൾ നിറഞ്ഞ ലോകത്ത് പ്രവചനാതീതമായ സാന്നിധ്യം… നിഗൂഢതയും കരുത്തും അതിരുകളില്ലാത്ത കഴിവും ഒത്തുചേരുന്ന അപൂർവ വ്യക്തിത്വം. വാരണാസി ടീമിന്റെ സ്വന്തം കുംഭയ്ക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ,” എന്നാണ് രാജമൗലി സോഷ്യൽ മീഡിയയിൽ കുറിച്ചത്.
മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ് ‘വാരണാസി’യിൽ കുംഭ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. കഥാപാത്രത്തെക്കുറിച്ച് രാജമൗലി നടത്തിയ പരാമർശം ആരാധകർക്കിടയിൽ ശ്രദ്ധ നേടുകയാണ്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര തുടങ്ങിയ വമ്പൻ താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ വേഷത്തിനും വലിയ പ്രാധാന്യമാണുള്ളത്.

എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് എം.എം. കീരവാണിയാണ്. ശ്രീ ദുർഗ ആർട്സും ഷോയിങ് ബിസിനസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഇന്ത്യൻ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘വാരണാസി’ 2027 ഏപ്രിൽ 7ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.പി.ആർ.ഒ, മാർക്കറ്റിംഗ് കൺസൾട്ടന്റ്: പ്രതീഷ് ശേഖർ



