കൊച്ചി: ഡൽഹിയിൽ നടക്കുന്ന സിജെപി സമരത്തിന് പിന്തുണയുമായി രഞ്ജിനി ഹരിദാസ്. കൊച്ചിയിൽ നടന്ന ഐക്യദാർഢ്യ സംഗമത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ. ഡൽഹിയിലെ സമരം ഒരു സംഘടനയുടെ മാത്രം സമരമല്ലെന്നും എല്ലാവരും ചേർന്ന് നടത്തുന്ന പോരാട്ടമാണെന്നും രഞ്ജിനി പറഞ്ഞു. ജനാധിപത്യ രാജ്യത്ത് ജനങ്ങളുടെ അടിസ്ഥാന അവകാശങ്ങൾ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും രാജ്യത്തിന്റെ പ്രതിപക്ഷ നേതാവിനെപ്പോലും മൃഗീയമായി നേരിടുകയാണെന്നും അവർ ആരോപിച്ചു.
സമരത്തെ നേരിടാൻ ഇത്രയധികം സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയത് എന്തിനാണെന്നും ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കുന്നത് എന്തിനാണെന്നും രഞ്ജിനി ചോദിച്ചു. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയും ജനങ്ങളുടെ ശബ്ദം അടിച്ചമർത്താൻ ശ്രമിക്കുകയാണെന്നും അവർ ആരോപിച്ചു. നേതൃത്വം എന്താണെന്ന് ഈ ചെറുപ്പക്കാരിൽ നിന്ന് പഠിക്കണമെന്നും രഞ്ജിനി ഹരിദാസ് കൂട്ടിച്ചേർത്തു.
ജനാധിപത്യവും വോട്ടവകാശവും സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ എല്ലാവരും ഒറ്റക്കെട്ടായി അണിനിരക്കണമെന്നും സംഗമത്തിൽ ആവശ്യമുയർന്നു. പ്രതിഷേധങ്ങളെ ഭയപ്പെടാതെ ജനങ്ങളുടെ ശബ്ദത്തിന് പ്രാധാന്യം നൽകണമെന്നും അധികാരികൾ ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണമെന്നും രഞ്ജിനി പറഞ്ഞു. രാജ്യത്തെ ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്നും അവർ വ്യക്തമാക്കി.



