കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവര്ത്തകൻ അഭിമന്യുവിന്റെ വധക്കേസിൽ സാക്ഷി വിസ്താരത്തിന് പ്രതികൾ കോടതിയിൽ എത്തിയത് ഒരേ വേഷത്തിൽ. വെള്ള ഷർട്ടും വെള്ള മുണ്ടുമായിരുന്നു എല്ലാ പ്രതികളുടെയും വേഷം. മാസ്ക് ധരിച്ചാണ് ഇന്നും പ്രതികൾ കോടതിയിൽ എത്തിയത്. കോടതി മുറിയിൽ കയറിയപ്പോൾ മാസ്ക് അഴിച്ചുമാറ്റി. കേസില് രണ്ട് സാക്ഷികളെ ഇന്ന് കോടതി വിസ്തരിച്ചു. അഭിമന്യുവിന്റെ സുഹൃത്തുക്കളായിരുന്ന രണ്ടാം സാക്ഷി അർജുനും അഞ്ചാം സാക്ഷി ബോബിൻസണും പ്രതികളെ തിരിച്ചറിഞ്ഞു. പ്രതികള് ആക്രമിക്കാൻ ഉപയോഗിച്ച ഇടി വളയും കത്തിയും സാക്ഷികൾ തിരിച്ചറിഞ്ഞു.
ആക്രമിക്കുമ്പോൾ പ്രതികളിൽ ഒരാൾ ധരിച്ചിരുന്ന വസ്ത്രവും സാക്ഷികൾ തിരിച്ചറിഞ്ഞിട്ടുണ്ട്. സാക്ഷി വിസ്താരം നാളെയും തുടരും. ബുധനാഴ്ച മുതൽ ക്രോസ് വിസ്താരം ആരംഭിക്കും. അഭിമന്യു കൊലക്കേസിൽ എട്ട് വര്ഷത്തിന് ശേഷം ഇന്നലെയാണ് വിചാരണ തുടങ്ങിയത്. ഒന്നാം സാക്ഷിയുടെ വിസ്താരമായിരുന്നു ഇന്നലെ നടന്നത്. ഇന്നലെയും ഒരേ പോലെ വസ്ത്രം ധരിച്ച് മുഖംമറച്ചാണ് പതിനാറ് പ്രതികളുമെത്തിയത്. സാക്ഷി വിസ്താരത്തിനിടെ എളുപ്പം തിരിച്ചറിയാതിരിക്കാനുള്ള തന്ത്രമായിരുന്നു പ്രതികളുടെ ഒരേ പോലെയുള്ള വസ്ത്ര ധാരണം.
കോടതിയിൽ മാസ്ക് ധരിച്ച കയറിയെങ്കിലും ജഡ്ജ് എല്ലാവരോടും മാസ്ക് അഴിക്കാൻ നിര്ദേശിച്ചിക്കുകയായിരുന്നു. ഇനി രൂപമാറ്റം വരുത്തി വിചാരണയ്ക്ക് എത്തിയാൽ നടപടിയുണ്ടാകുമെന്ന് എറണാകുളം പ്രിൻസിപ്പൾ സെഷൻസ് കോടതി ഇന്നലെ പ്രതികളോട് നിര്ദേശിച്ചിരുന്നു. തുടര്ച്ചയായ ദിവസങ്ങളിൽ വിചാരണ നടത്തി വേഗത്തിൽ പ്രോസിക്യൂഷൻ നടപടികൾ പൂര്ത്തിയാക്കണം എന്നാണ് ഹൈക്കോടതി നിര്ദേശം.


