റിയാദ്: നിലവിലെ സൗദി അറേബ്യയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് വിമാന സർവീസുകൾ നിർത്തിവെക്കുന്നത് നീട്ടി ഇന്ത്യൻ വിമാന കമ്പനികൾ. എയർ ഇന്ത്യ, ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ്, ആകാശ എയർ എന്നീ എയർലൈനുകളാണ് റിയാദ്, ജിദ്ദ, ദമാം, മദീന എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ നിർത്തിവെച്ച തീരുമാനം നീട്ടിയത്. റിയാദ്, ദമാം, ജിദ്ദ എന്നിവിടങ്ങളിലേക്കുള്ള എല്ലാ സർവീസുകളും എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ഒക്ടോബർ 20 വരെ റദ്ദാക്കി. ഒക്ടോബർ 24 വരെ റിയാദ്, ജിദ്ദ, ദമാം, മദീന എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ ഇൻഡിഗോ എയർലൈൻ റദ്ദാക്കി.
ആകാശ എയർ റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 24 വരെയും ജിദ്ദയിലേക്കുള്ളവ ഒക്ടോബർ 21 വരെയും നിർത്തിവെച്ചു. സാഹചര്യം നിരന്തരം നിരീക്ഷിച്ചു വരികയാണെന്നും യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് മുൻഗണനയെന്നും വിമാനക്കമ്പനികൾ അറിയിച്ചു. റദ്ദാക്കിയ വിമാനങ്ങളിലെ യാത്രക്കാർക്ക് ടിക്കറ്റ് തുക പൂർണമായി തിരികെ നൽകുകയോ അധിക തുകയില്ലാതെ യാത്രാ തീയതി മാറ്റി നൽകുകയോ ചെയ്യുമെന്ന് കമ്പനികൾ വ്യക്തമാക്കി. യാത്രാ ഏജന്റുമാർ വഴി ടിക്കറ്റ് എടുത്തവർ അവരുമായി നേരിട്ട് ബന്ധപ്പെടാനും നിർദേശമുണ്ട്.
മധ്യപൂർവേഷ്യയിലെ നിലവിലെ അനിശ്ചിതാവസ്ഥ സൗദി അറേബ്യൻ വ്യോമയാന മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. ഏവിയേഷൻ ഡാറ്റാ ഏജൻസിയായ ‘സിറിയം’ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഒക്ടോബർ 8 മുതൽ 13 വരെയുള്ള കാലയളവിൽ സൗദിയിൽ സർവീസ് നടത്തേണ്ടിയിരുന്ന 6,608 വിമാനങ്ങളിൽ 2,018 എണ്ണവും (ഏകദേശം 30.5%) റദ്ദാക്കപ്പെട്ടു. സൗദിയുടെ ദേശീയ വിമാനക്കമ്പനിയായ ‘സൗദിയ’യുടെ 646 സർവീസുകളും ഫ്ലൈനാസിന്റെ 327 സർവീസുകളും ഈ ദിവസങ്ങളിൽ മുടങ്ങി.



