പാലക്കാട്: ഖുല പ്രകാരം വിവാഹമോചനം നേടിയ ഭാര്യ, ഭർത്താവ് വിവാഹസമയത്ത് നൽകിയ മഹറും സ്വർണാഭരണങ്ങളും തിരികെ നൽകണമെന്ന് ഒറ്റപ്പാലം കുടുംബ കോടതിയുടെ ഉത്തരവ്. പെരിന്തൽമണ്ണ സ്വദേശിയായ ഭർത്താവ് നൽകിയ ഹർജിയിലാണ് തിരുവേഗപ്പുറ സ്വദേശിനിയായ ഭാര്യക്കെതിരെ കോടതി വിധി പുറപ്പെടുവിച്ചത്.വിവാഹബന്ധം വേർപെടുത്തിയതായി അറിയിച്ച് ഭാര്യ നോട്ടീസ് അയച്ചതിനു പിന്നാലെയാണ് ഭർത്താവ് കോടതിയെ സമീപിച്ചത്. വിവാഹസമയത്ത് നൽകിയ മഹർ, സ്വർണാഭരണങ്ങൾ, മറ്റ് പാരിതോഷികങ്ങൾ എന്നിവ തിരികെ ലഭിക്കണമെന്നായിരുന്നു ആവശ്യം.
ഇസ്ലാമിക വ്യക്തിനിയമപ്രകാരം സ്ത്രീക്ക് വിവാഹബന്ധം അവസാനിപ്പിക്കാനുള്ള മാർഗങ്ങളിലൊന്നാണ് ഖുല. ഈ കേസിൽ ഭർത്താവ് നൽകിയ അഞ്ച് പവൻ മഹറും ആറ് പവൻ സ്വർണാഭരണങ്ങളും തിരികെ നൽകണമെന്നാണ് കോടതി ഉത്തരവിട്ടത്.വിധി വന്ന തീയതി മുതൽ 30 ദിവസത്തിനുള്ളിൽ ആഭരണങ്ങളും മഹറും തിരികെ നൽകണം. നിർദേശിച്ച സമയപരിധിക്കുള്ളിൽ ഇവ തിരികെ നൽകിയില്ലെങ്കിൽ ഭാര്യയുടെ പേരിലുള്ള സ്വത്തുക്കളിൽനിന്ന് തുക ഈടാക്കാമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
വിവാഹമോചനവുമായി ബന്ധപ്പെട്ട് മഹറിന്റെയും ആഭരണങ്ങളുടെയും ഉടമസ്ഥാവകാശം സംബന്ധിച്ച ചർച്ചകൾക്ക് ഈ വിധി വഴിയൊരുക്കിയിട്ടുണ്ട്. ഖുല പ്രകാരം വിവാഹമോചനം തേടുന്ന സാഹചര്യത്തിൽ മഹറും മറ്റ് സമ്മാനങ്ങളും തിരികെ നൽകേണ്ടതുണ്ടോ എന്നത് കേസിന്റെ സാഹചര്യങ്ങളും ബാധകമായ നിയമവ്യവസ്ഥകളും പരിഗണിച്ചാണ് വിലയിരുത്തേണ്ടത്.



