ആലപ്പുഴ: നെടുമ്പാശ്ശേരി വാഹനാപകടവുമായി ബന്ധപ്പെട്ട ആരോപണത്തിൽ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ജെയിംസ് സാമുവലിനും റിപ്പോർട്ടർ ചാനലിലെ ഒരു മാധ്യമപ്രവർത്തകനുമെതിരെയാണ് കേസ്. അപകീർത്തിപ്പെടുത്തൽ, പ്രകോപനം സൃഷ്ടിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.
നെടുമ്പാശ്ശേരി വാഹനാപകടക്കേസിലെ പ്രതിയായ സുഹൈൽ സജീവിന് വേണ്ടി ഷാനിമോൾ ഉസ്മാൻ ഇടപെട്ടെന്നായിരുന്നു റിപ്പോർട്ടർ ചാനലിൽ വന്ന വാർത്ത. തന്നെ അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് ഇത്തരം പ്രചാരണം നടത്തിയതെന്ന് ആരോപിച്ചാണ് ഷാനിമോൾ ഉസ്മാൻ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി സ്പീക്കറുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു.
അതേസമയം, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ജെയിംസ് സാമുവലിനെതിരെ സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി എം. ലിജുവും സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്. വാഹനാപകടക്കേസിലെ പ്രതിക്കുവേണ്ടി മന്ത്രി ഇടപെട്ടെന്ന തരത്തിൽ വ്യാജപ്രചാരണം നടത്തുകയും അപകീർത്തികരമായ പരാമർശങ്ങൾ നടത്തുകയും ചെയ്തെന്നാണ് പരാതിയിലെ ആരോപണം.
സാമൂഹിക മാധ്യമങ്ങളിലൂടെ മോശമായ പരാമർശങ്ങളും വ്യാജ ആരോപണങ്ങളും ഉന്നയിച്ചെന്നാരോപിച്ച് ഷബീർ ഇബ്നു സലീമിനെതിരെയും മന്ത്രി ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. പരാതികളിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.



