ന്യൂഡൽഹി: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടിയെ വിമർശിച്ച് സിപിഎം ജനറല് സെക്രട്ടറി എം. എ ബേബി. ഇഡി നടപടി പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ എന്ന പോലെയാണ് എന്നാണ് എം എ ബേബിയുടെ വിമര്ശനം. ഒരുപാട് കെട്ടിച്ചമച്ച ആരോപണങ്ങളെ അഭിമുഖീകരിച്ച നേതാവാണ് പിണറായി. ഇത് നേരിടാനും മറികടക്കാനും അദ്ദേഹത്തിനും സിപിഎമ്മിനും കഴിയും. നിയമപരമായും രാഷ്ട്രീയപരമായും ഇഡി നടപടിയെ അഭിമുഖീകരിക്കുമെന്നും എം എ ബേബി പ്രതികരിച്ചു.
പ്രതിപക്ഷ പാർട്ടി നേതാക്കളെ വേട്ടയാടാൻ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നുവെന്നും ഇ ഡി എന്നാൽ ബിജെപി സർക്കാരിന്റെ ഒരു വിപുലീകൃത വിഭാഗമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.പിണറായി വിജയന്റെ വീട്ടിലെത്തി സമൻസ് ചുമരിൽ പതിപ്പിച്ച ഇ ഡി നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും രംഗത്തെത്തി. മാതൃകാപരമായി ജീവിക്കുന്നവരെ കുറ്റവാളിയാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് വിമര്ശനം. ഇ ഡി പിണറായിയോട് പെരുമാറുന്നത് പിടികിട്ടാപ്പുള്ളിയെ പോലെയാണെന്നും ബി ജെ പിയുടെ താളത്തിന് അനുസരിച്ച് തുള്ളുകയാണ് ഇ ഡി ചെയ്യുന്നതെന്നും ഗോവിന്ദൻ വിമർശിച്ചു.
പിണറായിയുടെ വീട്ടിലെ നോട്ടീസ് പതിക്കൽ അടക്കം രാഷ്ട്രീയ നാടകത്തിന്റെ ഭാഗമാണ്. ഇ ഡിയെയും ബി ജെ പിയെയും കേരളത്തിൽ കടന്നുകയറ്റം നടത്താൻ സഹായിക്കുന്നത് യു ഡി എഫ് സർക്കാരിന്റെ നിലപാടുകളാണ്. നിയമപരമായും രാഷ്ട്രീയമായും ഇ ഡിയെ നേരിടുമെന്നും സി പി എം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. മാതൃകാപരമായി ജീവിക്കുന്നവരെ കുറ്റവാളികളാക്കുന്നു. ഇ ഡിയുടെ ലക്ഷ്യം പിണറായിയാണ്. പിണറായി എന്നാൽ പാർട്ടി. അതായത് പാർട്ടിയെ ആണ് ഇ ഡി പിണറായിയിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്നും സി പി എം സംസ്ഥാന സെക്രട്ടറി പ്രതികരിച്ചു.



