കൊച്ചി: നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ കാർ അമിതവേഗത്തിലായിരുന്നുവെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. വിമാനത്താവളത്തിലേക്കുള്ള വഴിയിലെ സിസിടിവി ദൃശ്യങ്ങളെല്ലാം പൊലീസ് ശേഖരിച്ചിട്ടുണ്ട്. കാർ അതിവേഗത്തിൽ പാഞ്ഞിരുന്നുവെന്ന സൂചനകളാണ് ദൃശ്യങ്ങളിൽനിന്ന് ലഭിക്കുന്നത്.
അപകടവുമായി ബന്ധപ്പെട്ട് കാറിന്റെ ഇഡിആർ (ഇവന്റ് ഡാറ്റ റെക്കോർഡർ) വിവരങ്ങൾക്കായി മോട്ടോർ വാഹന വകുപ്പ് കാത്തിരിക്കുകയാണ്. അപകടത്തിന് തൊട്ടുമുമ്പുള്ള വാഹനത്തിന്റെ വേഗത ഉൾപ്പെടെയുള്ള വിവരങ്ങൾ ഇഡിആർ പരിശോധനയിലൂടെ വ്യക്തമാകുമെന്നാണ് പ്രതീക്ഷ.
അതേസമയം, പ്രതി സുഹൈലിന്റെ രക്തസാമ്പിളിൽ ആൽക്കഹോളിന്റെ അളവ് 161 എംജിയും മൂത്രസാമ്പിളിൽ 230 എംജിയുമാണെന്നാണ് പരിശോധനാഫലം. അനുവദനീയമായ അളവ് 30 എംജിയാണെന്നാണ് റിപ്പോർട്ട്. അപകടത്തിൽ അമിതവേഗം, മദ്യത്തിന്റെ സാന്നിധ്യം തുടങ്ങിയ കാര്യങ്ങളിൽ അന്വേഷണം തുടരുകയാണ്.



