ന്യൂഡല്‍ഹി: ഇന്ത്യൻ റെയിൽവേയ്ക്ക് കഴിഞ്ഞ അഞ്ച് സാമ്പത്തിക വർഷങ്ങളിൽ നോൺ എസി സ്ലീപ്പർ കോച്ചുകളിൽ നിന്ന് ലഭിച്ചത് 74,072 കോടി രൂപ. 2021–22 മുതൽ 2025–26 വരെയുള്ള കാലയളവിൽ 141 കോടിയിലധികം യാത്രക്കാരാണ് ഈ കോച്ചുകളിൽ സഞ്ചരിച്ചത്. സാധാരണക്കാരുടെയും ഇടത്തരം വരുമാനക്കാരുടെയും പ്രധാന യാത്രാമാർഗമായി നോൺ എസി കോച്ചുകൾ തുടരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2022–23ൽ 38.30 കോടി യാത്രക്കാർ യാത്ര ചെയ്തപ്പോൾ, 2025–26ൽ ഇത് 37.16 കോടിയായി. യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് കൂടുതൽ ആധുനിക എൽഎച്ച്ബി കോച്ചുകളും റെയിൽവേ ഉപയോഗിക്കുന്നുണ്ട്. രാജ്യത്ത് നിലവിൽ 62,000 നോൺ എസി കോച്ചുകളുണ്ടെന്നാണ് കണക്ക്.
കുറഞ്ഞ ചെലവിലുള്ള യാത്രാസൗകര്യത്തിൽ നോൺ എസി കോച്ചുകൾക്ക് നിർണായക സ്ഥാനമാണുള്ളത്. ഒരു നോൺ എസി സ്ലീപ്പർ എൽഎച്ച്ബി കോച്ച് നിർമിക്കാൻ ഏകദേശം രണ്ട് കോടി രൂപയാണ് ചെലവ്. 80 യാത്രക്കാർക്ക് ഒരേസമയം സഞ്ചരിക്കാവുന്ന ഇത്തരം കോച്ചുകളുടെ സേവനകാലാവധി ഏകദേശം 35 വർഷമാണ്. ഉത്സവകാലങ്ങളിൽ യാത്രക്കാരുടെ എണ്ണം വർധിക്കുന്നതും ഈ കോച്ചുകളുടെ ആവശ്യകത വ്യക്തമാക്കുന്നു. കൂടുതൽ കോച്ചുകളും മെച്ചപ്പെട്ട സൗകര്യങ്ങളും ഒരുക്കേണ്ടതിന്റെ പ്രാധാന്യവും ഈ കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.



