മാസപ്പടി കേസ്: പിണറായി വിജയനും വീണയ്ക്കും റിയാസിനും അപ്പീൽ നൽകാം; അന്വേഷണത്തിന് ഏഴ് ദിവസത്തെ സ്റ്റേ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: സിഎംആർഎൽ–എക്സാലോജിക് മാസപ്പടി ഇടപാടിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മകൾ ടി. വീണയ്ക്കും മുൻ മന്ത്രിയും മരുമകനുമായ പി.എ. മുഹമ്മദ് റിയാസിനും കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകാമെന്ന് സുപ്രീം കോടതി. വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീൽ നൽകാൻ ഇവർക്ക് അവകാശമില്ലെന്ന ഡിവിഷൻ ബെഞ്ചിന്റെ മുൻ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. അപ്പീൽ ഫയൽ ചെയ്യുന്നതിനായി വിജിലൻസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിലെ തുടർ അന്വേഷണം ഏഴ് ദിവസത്തേക്ക് സ്റ്റേ ചെയ്യുകയും ചെയ്തു.

ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചിയും വി. മോഹനയും അടങ്ങിയ ബെഞ്ചിന്റേതാണ് നിർണായക ഉത്തരവ്. എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിലൂടെ ഹർജിക്കാർ നേരിട്ട് ബാധിക്കപ്പെട്ടവരാണെന്നും അതിനാൽ അപ്പീൽ നൽകാൻ അർഹതയുണ്ടെന്നും കോടതി നിരീക്ഷിച്ചു. കേസിൽ ഹർജിക്കാർ കക്ഷികളായിരുന്നില്ലെങ്കിലും അവർക്കെതിരെ പ്രഥമദൃഷ്ട്യാ കുറ്റകൃത്യങ്ങൾ നടന്നതായി സിംഗിൾ ബെഞ്ച് നിരീക്ഷിച്ച സാഹചര്യത്തിൽ ഉത്തരവിനെ ചോദ്യം ചെയ്യാൻ അവസരം നൽകേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.

എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് ആരോപണവിധേയരുടെ വാദം കേൾക്കേണ്ടതില്ലെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും എതിർകക്ഷിയുടെയും വാദങ്ങൾ കോടതി തള്ളി. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ സെക്ഷൻ 66(2) പ്രകാരം ഇഡി കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസല്ല ഇതെന്നും ഭരണഘടനാ കോടതിയുടെ നേരിട്ടുള്ള ഉത്തരവിലൂടെയാണ് എഫ്ഐആറും അന്വേഷണവും ആരംഭിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി. ആരോപണവിധേയർക്ക് സിംഗിൾ ബെഞ്ചിന്റെ നിരീക്ഷണങ്ങളെ ചോദ്യം ചെയ്യാൻ അവസരം നിഷേധിക്കുന്നത് തുടർന്നുള്ള നിയമപോരാട്ടങ്ങളെ ബാധിക്കുമെന്നും നിരീക്ഷിച്ചു.

പുതിയ ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ (ബിഎൻഎസ്എസ്) വ്യവസ്ഥകളും സുപ്രീം കോടതി പരാമർശിച്ചു. പഴയ സിആർപിസിയിലെ 156(3) വകുപ്പിൽനിന്ന് വ്യത്യസ്തമായി, ബിഎൻഎസ്എസ് 175(4) വകുപ്പ് പ്രകാരം ചില സാഹചര്യങ്ങളിൽ പൊതുപ്രവർത്തകർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ നിർദേശിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ വിശദീകരണം തേടേണ്ടതുണ്ട്. എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിന് മുമ്പുള്ള നിയമപരമായ നടപടിക്രമങ്ങളുടെ പ്രാധാന്യവും കോടതി ചൂണ്ടിക്കാട്ടി.

എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ മാത്രമല്ല, അന്വേഷണം ആരംഭിക്കാനും അന്തിമ റിപ്പോർട്ട് സമർപ്പിക്കാനും സിംഗിൾ ബെഞ്ച് നിർദേശിച്ചിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം പൂർത്തിയാക്കാൻ പ്രത്യേക നിയമപരമായ അനുമതികൾ ആവശ്യമായ സാഹചര്യത്തിൽ, ഉത്തരവിനെതിരെ അപ്പീൽ നൽകാനുള്ള ഹർജിക്കാരുടെ അവകാശം നിഷേധിക്കാനാകില്ലെന്നും വ്യക്തമാക്കി. അതേസമയം, കേസിന്റെ മെറിറ്റിലേക്ക് കടക്കുന്നില്ലെന്നും അപ്പീൽ പരിഗണിക്കുന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന് നിയമപരമായ വിഷയങ്ങൾ പരിശോധിച്ച് ഇടക്കാല ആശ്വാസത്തിൽ സ്വതന്ത്രമായി തീരുമാനമെടുക്കാമെന്നും സുപ്രീം കോടതി അറിയിച്ചു.

ഹർജിക്കാർക്കായി ഹാജരായ മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ് ലൂത്ര, ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെയും ഡിവിഷൻ ബെഞ്ചിന്റെയും നടപടികളെ ചോദ്യം ചെയ്തു. പൊതുതാൽപര്യ ഹർജികൾ പരിഗണിക്കാനുള്ള റോസ്റ്റർ അധികാരം സിംഗിൾ ബെഞ്ചിന് ഉണ്ടായിരുന്നില്ലെന്നും അതേസമയം ഉത്തരവിനെതിരെ അപ്പീൽ നൽകാൻ ഡിവിഷൻ ബെഞ്ച് അനുമതി നിഷേധിച്ചെന്നും അദ്ദേഹം വാദിച്ചു. അപ്പീൽ നൽകാനുള്ള അവകാശം നിഷേധിച്ചതിലെ വൈരുധ്യവും ലൂത്ര ചൂണ്ടിക്കാട്ടി.

ഇഡി കൈമാറുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത് നിർബന്ധമാണോ എന്ന നിയമപ്രശ്നവും ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി ഉന്നയിച്ചു. സിംഗിൾ ബെഞ്ച് ഉത്തരവിൽ ഒരിടത്ത് എഫ്ഐആർ നിർബന്ധമാണെന്ന് പറയുമ്പോൾ മറ്റൊരിടത്ത് പ്രാഥമിക പരിശോധന ആവശ്യമാണെന്ന് വ്യക്തമാക്കുന്നതിലെ വൈരുധ്യം അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രാഥമിക അന്വേഷണം വേണമെന്ന നിലപാടുണ്ടായിരുന്ന സംസ്ഥാന സർക്കാരിനും ഉത്തരവിനെതിരെ അപ്പീൽ നൽകാമായിരുന്നില്ലേയെന്നും കോടതി ചോദിച്ചു.

അതേസമയം, എക്സാലോജിക്–സിഎംആർഎൽ ഇടപാടുകളിൽ എസ്എഫ്ഐഒ അന്വേഷണം നടക്കുന്നുണ്ടെന്ന് ഇഡിക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സോഹെബ് ഹുസൈൻ കോടതിയെ അറിയിച്ചു. പ്രഥമദൃഷ്ട്യാ കുറ്റകൃത്യങ്ങൾ കണ്ടെത്തിയതിനാലാണ് പിഎംഎൽഎ സെക്ഷൻ 66(2) പ്രകാരം സംസ്ഥാനത്തിന് വിവരങ്ങൾ കൈമാറിയതെന്നും ടി. വീണയും ഭർത്താവും വിദേശത്തേക്ക് പണം കടത്തിയതടക്കമുള്ള വിവരങ്ങൾ അന്വേഷണത്തിൽ പുറത്തുവന്നിട്ടുണ്ടെന്നും അദ്ദേഹം വാദിച്ചു. എന്നാൽ, ഈ ആരോപണങ്ങളിൽ അന്തിമ നിഗമനത്തിലെത്തുന്നില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

ഒക്ടോബർ 16-ന് വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്തതിനു പിന്നാലെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾക്ക് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. ദസറ അവധിക്കുശേഷം കേസ് പരിഗണിക്കാമെന്നായിരുന്നു ആദ്യഘട്ടത്തിൽ അറിയിച്ചിരുന്നതെങ്കിലും അടിയന്തരമായി പരിഗണിക്കണമെന്ന സിദ്ധാർത്ഥ് ലൂത്രയുടെ ആവശ്യം പരിഗണിച്ച് പ്രത്യേക ബെഞ്ചിന് വിടുകയായിരുന്നു. പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെ വിജിലൻസ് അന്വേഷണം ആരംഭിച്ച സാഹചര്യത്തിൽ നിയമപരിരക്ഷ ഉറപ്പാക്കണമെന്നായിരുന്നു ഹർജിക്കാരുടെ വാദം.

സുപ്രീം കോടതിയുടെ ഉത്തരവോടെ, വിജിലൻസ് എഫ്ഐആറിനെതിരെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിക്കാൻ പിണറായി വിജയനും ടി. വീണയ്ക്കും പി.എ. മുഹമ്മദ് റിയാസിനും നിയമപരമായ വഴി തുറന്നു. എന്നാൽ, എഫ്ഐആർ റദ്ദാക്കണമെന്നോ ആരോപണങ്ങൾ നിലനിൽക്കില്ലെന്നോ സുപ്രീം കോടതി വിധിച്ചിട്ടില്ല. അപ്പീലിൽ ഹൈക്കോടതി എടുക്കുന്ന തീരുമാനമാണ് കേസിന്റെ തുടർനടപടികളിൽ നിർണായകമാകുക.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News