റിയാദ്: സൗദി അറേബ്യയിലെ ദമ്മാമിലുള്ള കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതികളുടെ ആക്രമണത്തിൽ രണ്ട് പേർ മരണപ്പെട്ടു. ഇന്ത്യക്കാരനാണ് മരിച്ചത്. പരിക്കേറ്റവരിലും രണ്ട് ഇന്ത്യക്കാരുണ്ട്. നേരത്തെ പ്രവാസിയായ ഒരാൾ കൊല്ലപ്പെടുകയും എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സ്ഥിരീകരണം പുറത്തുവന്നിരുന്നു. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ ചിലരുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.
സുരക്ഷാ ഭീഷണി കണക്കിലെടുത്ത് സൗദിയിലുള്ള നയതന്ത്ര ഉദ്യോഗസ്ഥരോടും കുടുംബങ്ങളോടും അവിടെനിന്ന് മാറാൻ യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നിർദ്ദേശം നൽകിയിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ വിമാനങ്ങൾ വഴി തിരിച്ച് വിട്ടിരിക്കുകയാണ്.അതേസമയം സൗദി അറേബ്യയിലെ ശൈബ എണ്ണപ്പാടത്തിന് നേരെ ഉണ്ടായ ഡ്രോൺ ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരന് പരിക്കേറ്റു. ആക്രമണത്തിൽ രണ്ട് പ്രവാസികൾ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. ഫിലിപ്പീൻസ്, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഓരോ പൗരന്മാരാണ് ദാരുണമായി മരിച്ചത്.
പരിക്കേറ്റ ഇന്ത്യൻ പൗരന് ആവശ്യമായ വിദഗ്ധ ചികിത്സ നൽകിവരികയാണ്. പാകിസ്ഥാൻ പൗരനും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ബുധനാഴ്ച രാവിലെ ശൈബ എണ്ണപ്പാടത്തെ സംസ്കരണ കേന്ദ്രം ലക്ഷ്യമിട്ടെത്തിയ ഡ്രോൺ സൗദി വ്യോമ പ്രതിരോധ സംവിധാനം വായുവിൽ വെച്ചുതന്നെ തകർത്തിരുന്നു. എന്നാൽ, തകർന്നുവീണ ഡ്രോണിന്‍റെ അവശിഷ്ടങ്ങൾ പതിച്ചാണ് ഈ അപകടമുണ്ടായതെന്ന് സൗദി ഊർജ്ജ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. അതേസമയം, മേഖലയിൽ ഹൂതി ആക്രമണങ്ങൾ കൂടുതൽ തീവ്രമായ സാഹചര്യത്തിൽ സൗദി അറേബ്യയിലെ അത്യാഹിത വിഭാഗത്തിൽ പെടാത്ത സർക്കാർ ജീവനക്കാരോടും അവരുടെ കുടുംബാംഗങ്ങളോടും എത്രയും പെട്ടെന്ന് രാജ്യം വിടാൻ അമേരിക്ക ഉത്തരവിട്ടു.



