‘അക്ക’ എന്ന സിനിമയുടെ പ്രമോഷനിടെ രാധിക ആപ്തെ നടത്തിയ വിവാദ പരാമർശത്തിലും അതിൽ പ്രതികരിച്ച രീതിയിലും വിശദീകരണവുമായി നടി കീർത്തി സുരേഷ്. രാധികയെ തിരുത്താതെ ഒപ്പം നിന്നുവെന്ന ആരോപണത്തോടാണ് കീർത്തിയുടെ പ്രതികരണം. രാധിക പറഞ്ഞത് ആദ്യം തനിക്ക് മനസ്സിലായില്ലെന്നും തെന്നിന്ത്യൻ സംസ്കാരത്തെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് പിന്നീട് തിരിച്ചറിഞ്ഞെന്നുമാണ് കീർത്തി വ്യക്തമാക്കിയത്.
താൻ ഒരിക്കലും തെന്നിന്ത്യൻ സംസ്കാരത്തെ മോശമാക്കി പറഞ്ഞിട്ടില്ലെന്നും രാധിക പറഞ്ഞത് തനിക്ക് ശരിയായി മനസ്സിലായില്ലെന്നുമാണ് കീർത്തി വ്യക്തമാക്കിയത്. തെലുങ്ക് സിനിമയിൽ അമ്മാവനെ റൊമാൻസ് ചെയ്യേണ്ടി വന്നതിനെക്കുറിച്ച് പറഞ്ഞ രാധിക ആപ്തെ, അത് തെന്നിന്ത്യൻ സംസ്കാരമാണെന്ന രീതിയിൽ സംസാരിച്ചിരുന്നു. ഈ പരാമർശം തെന്നിന്ത്യൻ സംസ്കാരത്തെയും ആരാധകരെയും വേദനിപ്പിക്കുകയും വലിയ വിമർശനങ്ങൾക്ക് വഴിവെക്കുകയും ചെയ്തിരുന്നു.
അന്ന് അത്തരമൊരു സംസ്കാരം കേരളത്തിലില്ലെന്ന് കീർത്തി സുരേഷ് പറഞ്ഞിരുന്നതും ചർച്ചയായിരുന്നു. കേരളത്തിൽ അമ്മാവനെ വിവാഹം കഴിക്കുന്ന ആചാരമില്ലെന്ന് പറഞ്ഞത് തന്റെ അറിവ് പങ്കുവെക്കാൻ മാത്രമാണെന്നും കീർത്തി വിശദീകരിച്ചു. തമിഴ്നാട്ടിലും ആന്ധ്രയിലും ഇത്തരം വിവാഹരീതികൾ നിലനിൽക്കുന്നുണ്ടെന്നാണ് തന്റെ അറിവെന്നും തെന്നിന്ത്യൻ സംസ്കാരത്തെ ഒരിക്കലും അപമാനിച്ചിട്ടില്ലെന്നും അപമാനിക്കില്ലെന്നും കീർത്തി സുരേഷ് വ്യക്തമാക്കി.
