14-ാം വയസ്സിൽ തുടങ്ങിയതാണ് വിമർശനങ്ങളും ഹേറ്റും പക്ഷേ അതൊന്നും തന്നെ തളർത്തിയിട്ടില്ലെന്ന് നടി ഹൻസിക കൃഷ്ണ. കോൺടെന്റ് ക്രിയേഷൻ തുടങ്ങിയ കാലം മുതൽ തന്നെ വലിയ രീതിയിലുള്ള സൈബർ വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ഹൻസിക പറയുന്നു. തുടക്കത്തിൽ എന്തിനാണ് ആളുകൾ തന്നെ ഇത്രയധികം വെറുക്കുന്നതെന്ന് ചിന്തിച്ച് വിഷമിച്ചിരുന്നുവെന്നും താരം തുറന്നുപറഞ്ഞു.
എന്നാൽ കുടുംബത്തിന്റെ പിന്തുണയും ആരാധകരുടെ സ്നേഹവുമാണ് മുന്നോട്ട് പോകാൻ പ്രചോദനമായത്. ഏഴ് വർഷം കഴിഞ്ഞിട്ടും വിമർശനങ്ങൾ തുടരുന്നുണ്ടെങ്കിലും താൻ വളരുക മാത്രമാണ് ചെയ്തതെന്നും ഹൻസിക പറയുന്നു. തനിക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുന്നതിൽ തെറ്റില്ലെന്നും അതിൽ പ്രശ്നമുള്ളവർ അത് അവരുടെ പ്രശ്നമായി കാണട്ടെയെന്നുമാണ് താരത്തിന്റെ നിലപാട്.
ഹേറ്റിനേക്കാൾ പോസിറ്റിവിറ്റിക്കാണ് താൻ പ്രാധാന്യം നൽകുന്നതെന്നും ഹൻസിക കൂട്ടിച്ചേർത്തു. താൻ ഇനിയും ഒരുപാട് മുന്നോട്ട് പോകാനുണ്ടെന്നും സ്വന്തം കഴിവിൽ വിശ്വസിക്കുകയാണ് ഏറ്റവും പ്രധാനമെന്നും താരം പറയുന്നു. വിമർശനങ്ങൾ കണ്ട് തളർന്ന് താൻ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ ഉപേക്ഷിക്കാൻ തയ്യാറല്ലെന്നും ഹൻസിക വ്യക്തമാക്കി. തന്നെ സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നവരുടെ വാക്കുകളാണ് കൂടുതൽ കരുത്ത് നൽകുന്നത്. അതുകൊണ്ടുതന്നെ നെഗറ്റീവ് കമന്റുകൾക്ക് പിന്നാലെ പോകാതെ തന്റെ വളർച്ചയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമെന്നും താരം പറഞ്ഞു.
