ന്യൂഡൽഹി: മധുരൈ തിരുപ്പരങ്കുൺട്രം മലമുകളിലെ കാർത്തിക ദീപം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ ഇടപെട്ട് സുപ്രീംകോടതി. കോടതി ഉത്തരവ് മറികടന്നെന്ന ആരോപണത്തിൽ കോടതിയലക്ഷ്യ ഹർജികൾ സമർപ്പിക്കാൻ പരാതിക്കാരോട് നിർദേശിച്ചു. ഹർജികൾ പരിശോധിച്ചശേഷം ഉചിതമായ ഉത്തരവുകൾ പുറപ്പെടുവിക്കുമെന്നും ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, വിപുൽ എം. പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
നവംബർ 24ന് ദീപത്തൂൺ എന്നറിയപ്പെടുന്ന കൽത്തൂണിൽ കാർത്തിക ദീപം തെളിയിക്കാൻ സുപ്രീംകോടതി അനുമതി നൽകിയിരുന്നു. എന്നാൽ, ചൊവ്വാഴ്ച ഇവിടെ ദീപം തെളിയിച്ചില്ല. പകരം ഉച്ചി പിള്ളയാർ ക്ഷേത്രത്തിന് സമീപമുള്ള പതിവ് സ്ഥലത്താണ് മഹാദീപം തെളിയിച്ചത്.
കോടതി ഉത്തരവ് മനഃപൂർവം മറികടന്നെന്നാണ് ഹർജിക്കാരുടെ ആരോപണം. ദീപത്തൂണിൽ ദീപം തെളിയിക്കാനുള്ള ഉത്തരവ് നടപ്പാക്കുന്നതിൽ വീഴ്ചയുണ്ടായെന്നും അവർ ചൂണ്ടിക്കാട്ടി. അതേസമയം, നിർദേശിച്ച സ്ഥലത്ത് ദീപം തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് തമിഴ്നാട് സർക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു. സംഭവങ്ങൾ വിശദീകരിക്കുന്ന റിപ്പോർട്ടും സമർപ്പിച്ചിട്ടുണ്ട്. വീഴ്ചയിൽ സർക്കാർ കോടതിയിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
നവംബർ 20നാണ് തിരുപ്പരങ്കുൺട്രം മലമുകളിലെ ദീപത്തൂണിൽ ഇത്തവണ ഒറ്റത്തവണയായി ദീപം തെളിയിക്കാൻ സുപ്രീംകോടതി അനുമതി നൽകിയത്. സംഭവത്തിൽ തുടർനടപടികൾക്കായി കോടതിയിലേക്ക് ഉറ്റുനോക്കുകയാണ്.
