യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. യുഡിഎഫിൽ എല്ലാ കാര്യങ്ങളും കൂടിയാലോചിച്ചാണ് മുന്നോട്ട് പോകുന്നതെന്ന് മന്ത്രി പറഞ്ഞു. മുന്നണിയിലെ ഉത്തരവാദിത്തപ്പെട്ടവർ ഇക്കാര്യങ്ങൾ നോക്കിക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.മുഖ്യമന്ത്രി പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കുമെന്നും ചാനലുകാർ ആവശ്യപ്പെടുന്നതുപോലെ പ്രതികരിക്കാൻ മുഖ്യമന്ത്രിക്ക് കഴിയില്ലെന്നും റോജി എം. ജോൺ പറഞ്ഞു.
മുന്നണിയിൽ വേണ്ടത്ര കൂടിയാലോചന നടക്കുന്നില്ലെന്നായിരുന്നു അടൂർ പ്രകാശിന്റെ വിമർശനം. ബോർഡ്-കോർപ്പറേഷൻ പദവികൾ തീരുമാനിച്ച വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും ഇത് ദുഃഖകരമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. തന്റെ അതൃപ്തി എഐസിസി നേതൃത്വത്തെ അറിയിക്കുമെന്നും അടൂർ പ്രകാശ് വ്യക്തമാക്കിയിരുന്നു.മുഖ്യമന്ത്രിയുടെ വിമാനയാത്ര ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കെപിസിസിയുമായി ചർച്ചകൾ വേണമെന്നും തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ ആവശ്യമായ ഏകോപനം ഉണ്ടായില്ലെന്നും അടൂർ പ്രകാശ് ആരോപിച്ചിരുന്നു. വൈദ്യുതി പ്രതിസന്ധി ജനങ്ങൾക്കിടയിൽ അസംതൃപ്തി ഉണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം, തലസ്ഥാനത്ത് നടന്ന സംഭവങ്ങൾ ദൗർഭാഗ്യകരമാണെന്ന് റോജി എം. ജോൺ പറഞ്ഞു. ഗ്യാനേഷ് കുമാറിനെതിരെ സമരം നടത്തുന്നതിനിടെ എസ്എഫ്ഐ പ്രവർത്തകർക്ക് വെപ്രാളമാണെന്നും ബിയർ കുപ്പികൾ ഉപയോഗിച്ച് ആക്രമണം നടത്തിയെന്നും മന്ത്രി ആരോപിച്ചു.മന്ത്രി ഒ.ജെ. ജനീഷിനെതിരെയുണ്ടായ ഡിവൈഎഫ്ഐ ആക്രമണം ജനാധിപത്യവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.യൂണിവേഴ്സിറ്റി ഹോസ്റ്റലുകളിൽ വിദ്യാർഥികളല്ലാത്തവർ താമസിക്കുന്നുണ്ടെന്ന ആരോപണം അന്വേഷിക്കുമെന്നും റോജി എം. ജോൺ വ്യക്തമാക്കി.
