ഡൽഹി : രാജ്യത്തെ ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട് പുതിയ വിവാദം. സുപ്രീംകോടതി കൊളീജിയത്തിന്റെ നിയമന ശുപാർശകളിൽ ഒരു പ്രത്യേക സമുദായത്തിന് കൂടുതൽ പരിഗണന ലഭിക്കുന്നുവെന്ന ആരോപണവുമായി മുൻ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് രംഗത്ത്.
വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപദി മുർമുവിന് അദ്ദേഹം കത്തയച്ചു. ജഡ്ജിമാരുടെ നിയമനത്തിലും സ്ഥലംമാറ്റത്തിലും മെറിറ്റിനും സാമൂഹിക പ്രാതിനിധ്യത്തിനും അർഹമായ പരിഗണന ലഭിക്കുന്നില്ലെന്നാണ് കത്തിലെ പ്രധാന വിമർശനം.
ഒരു പ്രത്യേക സമുദായത്തിന് മാത്രം നിയമനങ്ങളിൽ മുൻഗണന നൽകുന്ന സാഹചര്യമുണ്ടെന്നും പട്ടികജാതി, പട്ടികവർഗം, പിന്നാക്ക വിഭാഗങ്ങൾ, ന്യൂനപക്ഷങ്ങൾ, സ്ത്രീകൾ തുടങ്ങിയവർക്ക് അർഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്നും ഗവായ് കത്തിൽ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ ജനസംഖ്യയിൽ അഞ്ച് ശതമാനത്തിൽ താഴെ മാത്രം വരുന്ന ഒരു വിഭാഗത്തിന് സുപ്രീംകോടതിയിൽ 40 ശതമാനത്തിലധികം പ്രാതിനിധ്യമുണ്ടെന്നും അദ്ദേഹം ആരോപിക്കുന്നു. എന്നാൽ കത്തിൽ ആ സമുദായത്തിന്റെ പേര് വ്യക്തമാക്കിയിട്ടില്ല.
ജഡ്ജിമാരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട ചില തീരുമാനങ്ങളെയും മുൻ ചീഫ് ജസ്റ്റിസ് ചോദ്യം ചെയ്തിട്ടുണ്ട്. നേരത്തെ ചെറിയ ഹൈക്കോടതികളിലേക്ക് സ്ഥലംമാറ്റപ്പെട്ട ചില ജഡ്ജിമാർ പിന്നീട് പ്രമുഖ ഹൈക്കോടതികളിൽ ചീഫ് ജസ്റ്റിസുമാരായി നിയമിക്കപ്പെടുന്നതിനെക്കുറിച്ചും അദ്ദേഹം ആശങ്ക രേഖപ്പെടുത്തി.
ഭരണഘടനയുടെ ആർട്ടിക്കിൾ 124(2) പ്രകാരം സുപ്രീംകോടതി ജഡ്ജിമാരുടെ നിയമനത്തിൽ രാഷ്ട്രപതിക്കുള്ള ഉത്തരവാദിത്വവും കത്തിൽ പരാമർശിക്കുന്നുണ്ട്. കൊളീജിയത്തിന്റെ ശുപാർശകൾക്ക് നിർണായക പ്രാധാന്യമുണ്ടെങ്കിലും അതിന്റെ പ്രവർത്തനം ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിവാകുന്നില്ലെന്നാണ് ഗവായിയുടെ നിലപാട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര നിയമസഹമന്ത്രി അർജുൻ റാം മേഘ്വാളിനും കത്തിന്റെ പകർപ്പ് നൽകിയിട്ടുണ്ട്.
നീതിന്യായ വ്യവസ്ഥയിലെ സാമൂഹിക പ്രാതിനിധ്യം, സുതാര്യത, നിയമനങ്ങളിലെ മാനദണ്ഡങ്ങൾ എന്നിവയെക്കുറിച്ചുള്ള പുതിയ ചർച്ചകൾക്ക് ഈ കത്ത് വഴിതുറന്നിരിക്കുകയാണ്.
