ഫുട്ബോൾ ആരാധകർക്ക് ആവേശം പകരുന്ന വാർത്തയുമായി അർജന്റൈൻ മുൻ താരം കാർലോസ് ടെവസ്. തന്റെ വിടവാങ്ങൽ മത്സരത്തിൽ പങ്കെടുക്കാൻ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി സമ്മതം അറിയിച്ചതോടെ ആരാധകരുടെ പ്രതീക്ഷകൾ ഉയരുകയാണ്. പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും ടെവസ് ക്ഷണം നൽകിയിട്ടുണ്ട്. എന്നാൽ റൊണാൾഡോയുടെ കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
ഡിസംബർ 20ന് അർജന്റീനയിലെ ബ്യൂണസ് അയേഴ്‌സിലുള്ള ബൊക്ക ജൂനിയേഴ്‌സിന്റെ ഹോം ഗ്രൗണ്ടായ ലാ ബൊംബോനേരയിലാണ് മത്സരം നടക്കുക. 2022ൽ പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിച്ച ടെവസിന് ആരാധകർക്ക് മുന്നിൽ ഔദ്യോഗികമായി വിടപറയാനുള്ള അവസരമാണിത്.
മെസ്സിയും റൊണാൾഡോയും ഒരേ മത്സരത്തിൽ പങ്കെടുക്കണമെന്നത് ടെവസിന്റെ വലിയ ആഗ്രഹമാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ റൊണാൾഡോയ്ക്കൊപ്പം കളിച്ചിട്ടുള്ള ടെവസ് പിന്നീട് അർജന്റീന ദേശീയ ടീമിൽ മെസ്സിക്കൊപ്പവും കളിച്ചിട്ടുണ്ട്.
റിയോ ഫെർഡിനാൻഡ്, സെർജിയോ അഗ്യൂറോ, ജിയാൻലൂയിജി ബഫൺ, മാർട്ടിൻ പലേർമോ, ലിയാൻഡ്രോ പരേഡസ് തുടങ്ങിയ പ്രമുഖ താരങ്ങളും മത്സരത്തിൽ പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
എന്നാൽ റൊണാൾഡോയുടെ പങ്കാളിത്തമാണ് ഇപ്പോഴത്തെ പ്രധാന ചർച്ച. അൽ നസ്റിന്റെ മത്സരക്രമവും തിരക്കേറിയ ഫുട്ബോൾ ഷെഡ്യൂളുമാണ് താരത്തിന്റെ വരവിന് തടസ്സമാകാൻ സാധ്യത. മെസ്സി എത്തിയാൽ തന്നെ ആരാധകർക്ക് വലിയ വിരുന്നാകുന്ന ഈ മത്സരത്തിൽ റൊണാൾഡോ കൂടി എത്തിയാൽ അത് ഫുട്ബോൾ ലോകത്തിന് അപൂർവ നിമിഷമായിരിക്കും.
ഇരുവരും ഒരേ ടീമിൽ കളിക്കുമോ അതോ എതിരാളികളാകുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ. ഡിസംബർ 20ലെ ടെവസിന്റെ വിടവാങ്ങൽ മത്സരം ഇപ്പോൾ ലോക ഫുട്ബോളിലെ പ്രധാന ചർച്ചകളിലൊന്നായി മാറുകയാണ്.
