ബിസ്‌ലേരി കുപ്പിവെള്ളത്തിലും ബാക്ടീരിയയോ?

ഡൽഹി: കുപ്പിവെള്ള ബ്രാൻഡായ ബിസ്‌ലേരിയെ ചുറ്റിപ്പറ്റി വീണ്ടും വിവാദം. ബിസ്‌ലേരി കുപ്പിവെള്ളത്തിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് കമ്പനിക്കെതിരെ പ്രോസിക്യൂഷൻ നടപടികൾക്ക് FSSIA അനുമതി നൽകി. പശ്ചിമ ബംഗാളിലെ ജൽപായ്ഗുരിയിലുള്ള കമ്പനിയുടെ പ്ലാന്റിൽ നിന്ന് കഴിഞ്ഞ ജൂലൈയിൽ ശേഖരിച്ച സാമ്പിളുകളിലാണ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്.

പ്രാഥമിക പരിശോധനയിലും റഫറൽ ലബോറട്ടറി പരിശോധനയിലും കണ്ടെത്തൽ സ്ഥിരീകരിച്ചതോടെ PB201 ബാച്ചിന്റെ വിൽപ്പന നിരോധിച്ചിരുന്നു. എന്നാൽ സംഭവത്തിൽ വിശദീകരണവുമായി ബിസ്‌ലേരി രംഗത്തെത്തി. ബന്ധപ്പെട്ട ബാച്ചിലെ കുപ്പിവെള്ളം 2026 ഓഗസ്റ്റ് 12ന് തന്നെ വിപണിയിൽ നിന്ന് പൂർണമായും പിൻവലിച്ചെന്നാണ് കമ്പനിയുടെ വിശദീകരണം. കൂടാതെ, രണ്ട് സ്വതന്ത്ര ലബോറട്ടറികളിൽ നടത്തിയ പരിശോധനയിൽ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയില്ലെന്നും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു.

പരിശോധനാ ഫലങ്ങളിലെ ഈ വൈരുദ്ധ്യം ചൂണ്ടിക്കാട്ടി വീണ്ടും പരിശോധന നടത്തണമെന്നാണ് ബിസ്‌ലേരി FSSIAയോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഗോവയിലെ പ്ലാന്റിൽ നിന്നുള്ള സാമ്പിളിൽ രാസവസ്തുക്കൾ കണ്ടെത്തിയതിനെ തുടർന്നും കമ്പനിക്കെതിരെ നടപടികൾ ആരംഭിച്ചിരുന്നു. കുപ്പിവെള്ളത്തിന്റെ ഗുണനിലവാരത്തെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ ബിസ്‌ലേരിക്കെതിരായ പുതിയ നടപടി വലിയ ചർച്ചയായിരിക്കുകയാണ്. പരിശോധനാ ഫലങ്ങളിൽ വ്യക്തത വരുന്നതുവരെ ഉപഭോക്താക്കളും ജാഗ്രത പാലിക്കേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *