ഇടമലക്കുടിക്ക് പ്രത്യേക ധനസഹായമായി 60 ലക്ഷം രൂപ അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിലെ ഏക ഗോത്രവര്‍ഗ ഗ്രാമപഞ്ചായത്തായ ഇടമലക്കുടിക്ക് സർക്കാർ പ്രത്യേക ധനസഹായമായി 60 ലക്ഷം രൂപ അനുവദിച്ചു. പഞ്ചായത്തിലെ ജീവനക്കാരുടെ ശമ്പളം, ജനപ്രതിനിധികളുടെ ഓണറേറിയം, ദൈനംദിന ഭരണച്ചെലവുകള്‍ എന്നിവയ്ക്കായി ഈ തുക വിനിയോഗിക്കാം. പഞ്ചായത്തിന്റെ ഭൂമിശാസ്ത്രപരമായ സാഹചര്യങ്ങളും വിദൂരതയും ജീവനക്കാര്‍ നേരിടുന്ന പ്രയാസങ്ങളും കണക്കിലെടുത്താണ് സര്‍ക്കാരിന്റെ ഇടപെടൽ.

പഞ്ചായത്തിന്റെ പ്രവര്‍ത്തനം സുഗമമായി മുന്നോട്ടുകൊണ്ടു പോകാനും അവശ്യസേവനങ്ങള്‍ മുടക്കമില്ലാതെ ഉറപ്പാക്കാനും ഈ സഹായം ഉപകരിക്കും. വിദൂര ഗോത്രമേഖലകള്‍ നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താനുമുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കി. കുറച്ചുദിവസങ്ങൾക്കുമുമ്പാണ് ശമ്പളം നൽകാൻ പണമില്ലാത്തതിനെ തുടർന്ന് സംസ്ഥാനത്തെ ആദ്യ ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടി പഞ്ചായത്ത് അടച്ചുപൂട്ടിയത്. ആറുമാസമായി ജീവനക്കാർക്ക് ശമ്പളവും ജനപ്രതിനിധികൾക്ക് ഓണറേറിയവും ലഭിക്കാഞ്ഞതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു പഞ്ചായത്ത്.

ഇടമലക്കുടിയിലെ 26 ആദിവാസി ഉന്നതികളാണ് പഞ്ചായത്തിന്റെ പരിധിയിലുള്ളത്. മൂന്നാർ പഞ്ചായത്തിന്റെ ഒരു വാർഡ് മാത്രമായിരുന്ന ഇടമലക്കുടി 2010 ലാണ് പഞ്ചായത്തായി മാറിയത്. സാധാരണ ഗ്രാമപഞ്ചായത്തുകളെ അപേക്ഷിച്ച് ഇടമലക്കുടിയില്‍ തനത് വരുമാന സ്രോതസ്സുകള്‍ പരിമിതമാണ്. നികുതി വരുമാനമോ മറ്റ് വാണിജ്യ പ്രവര്‍ത്തനങ്ങളോ കുറവായതിനാല്‍ സര്‍ക്കാര്‍ സഹായത്തെ ആശ്രയിച്ചാണ് പഞ്ചായത്തിന്റെ പ്രവര്‍ത്തനം മുന്നോട്ട് പോകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *