തിരുപ്പരങ്കുണ്ട്രം ദീപസ്തംഭത്തിൽ ഇന്ന് ദീപം തെളിക്കും; വൈകിട്ട് അഞ്ചിന് ചടങ്ങെന്ന് സൂചന, പ്രവേശനം നിയന്ത്രിക്കും

ചെന്നൈ: തമിഴ്നാട്ടിലെ തിരുപ്പരങ്കുണ്ട്രം മലയിൽ ദീപസ്തംഭത്തിൽ കാർത്തിക ദീപം തെളിയിക്കാനുള്ള സുപ്രീംകോടതി ഉത്തരവ് ഇന്ന് നടപ്പാക്കും. വൈകിട്ട് അഞ്ചുമണിയോടെ ചടങ്ങ് നടക്കുമെന്നാണ് സൂചന. ദീപം തെളിയിക്കുന്നതിനായി പരിമിതമായ ആളുകൾക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുകയെന്നാണ് റിപ്പോർട്ടുകൾ.

സുപ്രീംകോടതി നിർദേശപ്രകാരം മുൻ മദ്രാസ് ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് എസ്. വൈദ്യനാഥനും ജസ്റ്റിസ് വി. പാർഥിബനും ക്ഷേത്രത്തിന്റെ ഭരണച്ചുമതലയുള്ള റിസീവർമാരായി നിയമിക്കപ്പെട്ടിട്ടുണ്ട്. ഇവരുടെ മേൽനോട്ടത്തിലായിരിക്കും ചടങ്ങ്.

നവംബർ 20ലെ ഉത്തരവ് നടപ്പാക്കുന്നതിൽ തമിഴ്നാട് സർക്കാർ വീഴ്ച വരുത്തിയെന്ന വിലയിരുത്തലിനെ തുടർന്നാണ് സുപ്രീംകോടതിയുടെ പുതിയ ഇടപെടൽ. ദീപം തെളിയിക്കാത്തതിൽ സംസ്ഥാന ചീഫ് സെക്രട്ടറി, ഡിജിപി ഉൾപ്പെടെ 15 ഉദ്യോഗസ്ഥർക്ക് കോടതി കോടതിയലക്ഷ്യ നോട്ടീസ് നൽകിയിട്ടുണ്ട്.

ക്ഷേത്ര ട്രസ്റ്റി ബോർഡിന്റെ പ്രവർത്തനവും കോടതി താൽക്കാലികമായി സസ്പെൻഡ് ചെയ്തു. മലയുടെ സുരക്ഷാ ചുമതല സിആർപിഎഫിന് കൈമാറുകയും ചെയ്തു.

ദർഗയുടെ എല്ലാ വശങ്ങളിലും കുറഞ്ഞത് 50 മീറ്റർ അകലം പാലിച്ചായിരിക്കണം ദീപം തെളിയിക്കലും മറ്റ് ചടങ്ങുകളും നടത്തേണ്ടതെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ഡിസംബർ 15ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കോടതിയിൽ നേരിട്ട് ഹാജരാകണം.

Leave a Reply

Your email address will not be published. Required fields are marked *