താമരശ്ശേരിയിൽ യുവതിയെ പീഡിപ്പിച്ച കേസ്: രണ്ട് ബസ് ജീവനക്കാർ അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ 20 വയസ്സുകാരിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ സ്വകാര്യ ബസ് ജീവനക്കാരായ രണ്ടുപേർ അറസ്റ്റിൽ. ബസ് ഡ്രൈവർ കെ.കെ. അനീഷ്, ക്ലീനർ സജിത് എന്നിവരെയാണ് താമരശ്ശേരി പൊലീസ് പിടികൂടിയത്.

കഴിഞ്ഞ ഏപ്രിൽ മാസം മുതൽ പലതവണയായി പീഡനം നടന്നെന്നാണ് യുവതിയുടെ പരാതി. കുടുംബവുമായി പരിചയമുണ്ടായിരുന്ന പ്രതികൾ ഈ ബന്ധം മുതലെടുത്താണ് യുവതിയെ കാറിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. ഇതിനിടെ യുവതിക്ക് മയക്കുമരുന്ന് നൽകിയതായും പീഡനദൃശ്യങ്ങൾ പകർത്തിയതായും ആരോപണമുണ്ട്.

പിന്നീട് ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പീഡനം തുടർന്നതായും പരാതിയിൽ പറയുന്നു. താമരശ്ശേരി ചുരത്തിന് സമീപം നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിനുള്ളിലും യുവതിയെ പീഡിപ്പിച്ചതായി പരാതിയിലുണ്ട്.

പീഡനം തുടർന്നതോടെയാണ് യുവതി പൊലീസിനെ സമീപിച്ചത്. ആദ്യം കൊടുവള്ളി പൊലീസിലും പിന്നീട് കാക്കൂർ പൊലീസിലും നൽകിയ പരാതി, സംഭവം നടന്നത് താമരശ്ശേരിയിലായതിനാൽ താമരശ്ശേരി പൊലീസിന് കൈമാറുകയായിരുന്നു.

തുടർന്ന് അന്വേഷണം നടത്തിയ പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പൊലീസ് പരിശോധിച്ചുവരികയാണ്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *