ന്യൂഡൽഹി: മണ്ഡല പുനർനിർണയ ബില്ലിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ലോക്സഭ സീറ്റുകളുടെ എണ്ണം 50 ശതമാനം കൂട്ടാനാണ് ബില്ലിലെ വ്യവസ്ഥ. ഒടുവിൽ പ്രസിദ്ധീകരിച്ച സെൻസസ് പ്രകാരമാകും മണ്ഡല പുനർനിർണയം നടത്തുക. റൊട്ടേഷൻ വ്യവസ്ഥയിലാകും വനിത സംവരണ സീറ്റുകൾ നിശ്ചയിക്കുന്നത്. ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിക്കും. ഡീലിമിറ്റേഷൻ കമ്മീഷൻ രൂപീകരിക്കും.
മണ്ഡല പുനർനിർണയ ബില്ലുമായി ബന്ധപ്പെടുത്തി ആണ് വനിത സംവരണം നടത്തുക. ഭരണഘടന ഭേദഗതി ബില്ലുമായി രണ്ടാം തവണ സഭയിൽ എത്തുമ്പോൾ പ്രതിപക്ഷത്തെ അനൈക്യം മുതലെടുക്കാനാണ് കേന്ദ്രസർക്കാർ നീക്കം. മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ വിജയം ഒപ്പമുണ്ടാകുമെന്ന് പ്രധാനമന്ത്രി മന്ത്രിസഭാ യോഗത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
നേരത്തെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഉയർത്തിയ ആശങ്കകൾ കൂടി പരിഗണിച്ചാണ് 50 ശതമാനത്തിൻ്റെ ഏകീകൃത വർധനവ് വരുത്താൻ കേന്ദ്രം തീരുമാനിച്ചത്. ബില്ല് ലോക്സഭയിൽ പാസായാൽ അംഗങ്ങളുടെ പുതുക്കിയ പരിധി 2051 വരെ തുടരും. അതേസമയം മണ്ഡല പുനർനിർണയ ബില്ലിൽ എൻസിപിയുടെ നിലപാട് ശരദ് പവാർ കോൺഗ്രസിനെ അറിയിച്ചതായി സൂചന. പാർട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ടുപോകാൻ ബില്ലിനെ പിന്തുണയ്ക്കേണ്ടതുണ്ടെന്ന് പവാർ പറഞ്ഞു.
