ടി.ഐ മധുസൂദനൻ്റെ കൊലവിളി പ്രസംഗം; സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ രൂക്ഷവിമർശനം

കണ്ണൂർ: മുൻ എംഎൽഎ ടി.ഐ മധുസൂദനന്റെ കൊലവിളി പ്രസംഗത്തിനെതിരെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ രൂക്ഷവിമർശനം. അനാവശ്യമായ പരാമർശമാണ് മധുസൂദനൻ നടത്തിയതെന്ന് യോഗത്തിൽ നേതാക്കൾ വിമർശിച്ചു. മധുസൂദനന്റെ പ്രസംഗം പാർട്ടിക്ക് വലിയ ക്ഷീണമുണ്ടാക്കിയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ യോഗത്തിൽ വ്യക്തമാക്കി. ഒരു ഭാഗത്ത് തെറ്റ് തിരുത്തൽ പ്രക്രിയ നടത്തുമ്പോൾ മറുഭാഗത്ത് ഇത്തരം വിവാദങ്ങൾ ഉണ്ടാകുന്നത് പാർട്ടിക്ക് ഗുണം ചെയ്യില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രസംഗിക്കുമ്പോൾ നേതാക്കൾ അതിരുവിടരുതെന്നും എം.വി ഗോവിന്ദൻ യോഗത്തിൽ മുന്നറിയിപ്പ് നൽകി. അതേസമയം, ഇന്നലെ ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് കമ്മിറ്റി യോഗത്തിൽ ടി.ഐ. മധുസൂദനൻ പങ്കെടുത്തിരുന്നില്ല. നേരത്തെ, സി.പി.എം നേതാവ് ടി.ഐ. മധുസൂദനന്റെ കൊലവിളി പ്രസംഗത്തിൽ പയ്യന്നൂർ പൊലീസ് കേസെടുത്തിരുന്നു. കലാപാഹ്വാനം, ക്രിമിനൽ ഭീഷണി തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസിന്റെ പരാതിയിലായിരുന്നു പൊലീസ് നടപടി.

കൂടാതെ, മധുസൂദനനെതിരെ പയ്യന്നൂരിൽ കൊല്ലപ്പെട്ട കെ.എസ്.യു പ്രവർത്തകൻ സജിത് ലാലിന്റെ സഹോദരൻ അജിത് ലാലും പരാതി നൽകിയിരുന്നു. അതേസമയം, മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ ഡിവൈഎഫ്ഐയും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. യൂത്ത് കോൺഗ്രസുകാരുടെ ചോരയിൽ ഉണ്ടായ സർക്കാർ ആണിതെന്നും ആ ചോരയ്ക്ക് പകരം ചോദിക്കുമെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രസംഗത്തിനെതിരെയാണ് പരാതി നൽകിയത്

Leave a Reply

Your email address will not be published. Required fields are marked *