തിരുപ്പരങ്കുണ്ട്രം ദീപത്തൂൺ വിവാദം; ഇന്ന് വൈകിട്ട് 5 മണിക്ക് ദീപം തെളിക്കും, മലമുകളിലേക്ക് പ്രവേശനം 50 പേർക്ക് മാത്രം

മധുരൈ: തമിഴ്‌നാട്ടിലെ തിരുപ്പരങ്കുണ്ട്രം മലമുകളിലെ ദീപത്തൂണിൽ ഇന്ന് വൈകിട്ട് കാർത്തിക ദീപം തെളിക്കും. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ചടങ്ങിനുള്ള ഒരുക്കങ്ങൾ പൂർത്തിയാകുന്നത്. വൈകിട്ട് അഞ്ച് മണിയോടെ ദീപം തെളിക്കാനാണ് തീരുമാനം. എന്നാൽ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി മലമുകളിലേക്ക് പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്. അനുമതി ലഭിച്ച 50 പേർക്ക് മാത്രമായിരിക്കും പ്രവേശനം.

സുപ്രീംകോടതി നിയോഗിച്ച മുൻ ഹൈക്കോടതി ജഡ്ജിമാരായ എസ്. വൈദ്യനാഥൻ, വി. പാർഥിബൻ എന്നിവരുടെ നേതൃത്വത്തിലാണ് ചടങ്ങിന്റെ ക്രമീകരണങ്ങൾ. ക്ഷേത്രത്തിലെ പാരമ്പര്യ പൂജാരിമാരുമായി കൂടിയാലോചിച്ചാണ് സമയം തീരുമാനിച്ചത്. ദീപം തെളിക്കുന്നതിനായി ആവശ്യമായ നെയ്യ്, മൺവിളക്കുകൾ, തിരി തുടങ്ങിയവ മലമുകളിലെത്തിച്ചിട്ടുണ്ട്. ദീപത്തൂണിന് സമീപം താൽക്കാലിക പ്ലാറ്റ്‌ഫോമും സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

ചടങ്ങ് സമാധാനപരമായി നടത്തുന്നതിനായി കേന്ദ്ര റിസർവ് പൊലീസ് സേനയായ സിആർപിഎഫ് മലമേഖലയുടെ സുരക്ഷാ ചുമതല ഏറ്റെടുത്തിട്ടുണ്ട്. ക്ഷേത്രത്തിലേക്കും ദർഗയിലേക്കുമുള്ള പ്രവേശനം നിയന്ത്രണങ്ങളോടെയാണ് അനുവദിക്കുന്നത്. ദർഗയ്ക്ക് ചുറ്റും 50 മീറ്റർ അകലം പാലിക്കണമെന്ന സുപ്രീംകോടതി നിർദേശവും നടപ്പാക്കും.

ദീപത്തൂണിൽ കാർത്തിക ദീപം തെളിക്കണമെന്ന ആവശ്യത്തെച്ചൊല്ലിയുള്ള തർക്കമാണ് നിലവിലെ സംഭവവികാസങ്ങൾക്ക് പിന്നിൽ. തിരുപ്പരങ്കുണ്ട്രം മലമുകളിലെ സിക്കന്ദർ ബാദുഷ ദർഗയ്ക്ക് സമീപമുള്ള കൽത്തൂണിലാണ് ദീപം തെളിക്കണമെന്ന ആവശ്യം ഉയർന്നത്. കഴിഞ്ഞ നവംബർ 20ന് സുപ്രീംകോടതി ദീപം തെളിക്കാൻ അനുമതി നൽകിയിരുന്നെങ്കിലും നവംബർ 24ന് നിർദേശിച്ച സ്ഥലത്ത് ചടങ്ങ് നടന്നില്ല. ഇതേത്തുടർന്നാണ് കോടതി അലക്ഷ്യ ഹർജികൾ പരിഗണിക്കപ്പെട്ടത്.

നവംബർ 27ന് കേസ് പരിഗണിച്ച സുപ്രീംകോടതി നവംബർ 28ന് ദീപത്തൂണിൽ ദീപം തെളിക്കണമെന്ന് വീണ്ടും നിർദേശിച്ചു. ക്ഷേത്ര ട്രസ്റ്റ് ബോർഡിന്റെ അധികാരങ്ങൾ മരവിപ്പിക്കുകയും മുൻ ഹൈക്കോടതി ജഡ്ജിമാരെ ക്ഷേത്രഭരണം ഏറ്റെടുക്കുന്നതിനും കോടതി ഉത്തരവ് നടപ്പാക്കുന്നതിനുമായി നിയോഗിക്കുകയും ചെയ്തു. ക്ഷേത്രത്തിനും ദർഗയ്ക്കും സുരക്ഷ ഉറപ്പാക്കാൻ സിആർപിഎഫിനും നിർദേശം നൽകി
അതേസമയം, ചടങ്ങ് കാണാൻ പൊതുജനങ്ങൾക്ക് മലമുകളിലേക്ക് പ്രവേശനം അനുവദിക്കില്ല. കോടതി നിയോഗിച്ച സമിതിയുടെ അനുമതിയുള്ളവർക്ക് മാത്രമാണ് പ്രവേശനം. ദീപം തെളിയിക്കുന്ന ചടങ്ങ് സമാധാനപരമായി പൂർത്തിയാക്കുന്നതിനൊപ്പം പ്രദേശത്തെ മതസൗഹാർദവും ക്രമസമാധാനവും ഉറപ്പാക്കുകയാണ് അധികൃതരുടെ ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *