മുംബൈ: ടാറ്റ ട്രസ്റ്റുമായുള്ള നിയമപോരാട്ടം ശക്തമാകുന്നതിനിടെ ബോംബെ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും കേവിയറ്റ് ഫയൽ ചെയ്ത് ടാറ്റ സൺസ്. ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരന്റെ മൂന്നാം തവണത്തെ പുനർനിയമനവുമായി ബന്ധപ്പെട്ട തർക്കത്തിലാണ് നീക്കം. ടാറ്റ ട്രസ്റ്റിന്റെ ഹർജിയിൽ ഇടക്കാല ആശ്വാസം നൽകാൻ ബോംബെ ഹൈക്കോടതി വിസമ്മതിച്ചതിന് പിന്നാലെയാണ് ടാറ്റ സൺസ് കോടതികളെ സമീപിച്ചത്.
നവംബർ 30ന് നടക്കാനിരിക്കുന്ന ടാറ്റ സൺസ് ഡയറക്ടർ ബോർഡ് യോഗം മാറ്റിവയ്ക്കണമെന്നായിരുന്നു സിർ ദൊറാബ്ജി ടാറ്റ ട്രസ്റ്റിന്റെയും ആർ.ഡി. ടാറ്റ ട്രസ്റ്റിന്റെയും ആവശ്യം. ചന്ദ്രശേഖരന്റെ പുനർനിയമനത്തിന് അനുകൂലമായി ചെയർമാന്റെ കാസ്റ്റിങ് വോട്ട് ഉപയോഗിച്ചതും ട്രസ്റ്റുകൾ ചോദ്യം ചെയ്തിരുന്നു. ടാറ്റ സൺസിന്റെ ആർട്ടിക്കിൾസ് ഓഫ് അസോസിയേഷനിലെ വ്യവസ്ഥകൾ പ്രകാരം ആവശ്യമായ പിന്തുണ ലഭിച്ചിട്ടില്ലെന്നാണ് ട്രസ്റ്റുകളുടെ വാദം.
എന്നാൽ നവംബർ 30ലെ യോഗം നിശ്ചയിച്ച പ്രകാരം നടത്താൻ ഹൈക്കോടതി അനുമതി നൽകി. യോഗത്തിൽ എടുക്കുന്ന തീരുമാനങ്ങൾ കേസിലെ അന്തിമ വിധിക്ക് വിധേയമായിരിക്കുമെന്നും കോടതി വ്യക്തമാക്കി. ജനുവരി 21, 2027നാണ് കേസ് വീണ്ടും പരിഗണിക്കുക.
അതേസമയം, ട്രസ്റ്റുകൾ ഹൈക്കോടതിയുടെ ഉത്തരവിനെതിരെ അപ്പീൽ നൽകിയാൽ തങ്ങളുടെ ഭാഗം കേൾക്കാതെ ഇടക്കാല ഉത്തരവുകൾ പുറപ്പെടുവിക്കരുതെന്ന് ഉറപ്പാക്കാനാണ് ടാറ്റ സൺസ് കേവിയറ്റ് സമർപ്പിച്ചത്. ടാറ്റ സൺസിൽ 66 ശതമാനം ഓഹരി പങ്കാളിത്തമുള്ള ടാറ്റ ട്രസ്റ്റും കമ്പനിയും തമ്മിലുള്ള തർക്കം ഇതോടെ കൂടുതൽ നിർണായക ഘട്ടത്തിലേക്ക് കടക്കുകയാണ്.
