ജമ്മു: പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തിൽ ജമ്മുവിൽ ബിജെപിയുടെ ‘ലോക്തന്ത്ര ബചാവോ, അരാജകതാ ഹടാവോ’ മഹാപദയാത്ര. ശനിയാഴ്ച നടന്ന പദയാത്രയിൽ നൂറുകണക്കിന് ബിജെപി നേതാക്കളും ജനപ്രതിനിധികളും പ്രവർത്തകരും പങ്കെടുത്തു.
ജമ്മു കശ്മീർ ബിജെപി അധ്യക്ഷൻ സത് ശർമ, എംപിമാർ, എംഎൽഎമാർ തുടങ്ങിയവരും രാജ്നാഥ് സിങ്ങിനൊപ്പം അണിനിരന്നു. പഞ്ച്തീർഥി ചൗക്കിൽ നിന്ന് ആരംഭിച്ച പദയാത്ര പരേഡ് ഗ്രൗണ്ടിലെ ബ്രാഹ്മണ സഭയ്ക്ക് സമീപമാണ് സമാപിച്ചത്. തുടർന്ന് ഇവിടെ പൊതുസമ്മേളനവും സംഘടിപ്പിച്ചു.
കോൺഗ്രസും ഇന്ത്യാ സഖ്യവും ജനാധിപത്യ സ്ഥാപനങ്ങളെ ദുർബലപ്പെടുത്താനും രാഷ്ട്രീയ അസ്ഥിരത സൃഷ്ടിക്കാനും ശ്രമിക്കുന്നുവെന്ന ബിജെപിയുടെ ആരോപണങ്ങൾ ഉയർത്തിക്കാട്ടുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം.
വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണമായ എസ്ഐആറുമായി ബന്ധപ്പെട്ട് പ്രതിപക്ഷം തെറ്റായ പ്രചാരണം നടത്തുന്നുവെന്നും ബിജെപി ആരോപിച്ചു.
ഒക്ടോബർ 22ന് ആരംഭിച്ച രാജ്യവ്യാപക പ്രചാരണത്തിന്റെ ഭാഗമായാണ് ജമ്മുവിലും പദയാത്ര സംഘടിപ്പിച്ചത്. പൊതുയോഗങ്ങൾ, യുവജന കൺവെൻഷനുകൾ, ജനസമ്പർക്ക പരിപാടികൾ എന്നിവയിലൂടെ പ്രചാരണം വ്യാപിപ്പിക്കാനാണ് ബിജെപിയുടെ തീരുമാനം.
