ക്ലിഫ് ഹൗസ് വിട്ടാൽ പിണറായി എങ്ങോട്ട്

തിരുവനന്തപുരം: നിയമസഭാ തെ‍രഞ്ഞെടുപ്പിലെ മുന്നണിയുടെ കടുത്ത തോൽവിക്ക് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച പിണറായി വിജയന് ചിന്താ ഫ്ലാറ്റിൽ മുറി. ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് ഒഴിഞ്ഞാൽ ഇനി ചിന്താ ഫ്ലാറ്റിലായിരിക്കും പിണറായി വിജയൻറെ താമസം. പിബി അംഗങ്ങൾക്ക് പാർട്ടി അനുവദിക്കുന്നതാണ് ചിന്ത ഫ്ലാറ്റിലെ മുറി. പിണറായി സർക്കാരിൻറെ പത്ത് വർഷക്കാലെ ഏറെ വിവാദങ്ങളിൽ ഉയർന്ന് കേട്ട പേരാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ്. ഏഴ് കിടപ്പ് മുറികളാണ് ഇവിടെയുള്ളത്. 15,000 ചതുരശ്ര അടിയാണ് വലുപ്പം. ഒരു ഓഫിസ് മുറി. ഒരു കോൺഫറൻസ് ഹാൾ. ഔദ്യോഗിക വസതിയിലെ സുരക്ഷാ ഉദ്യോഗസ്‌ഥരുടെയും പരിചാരകരുടെയും ഉപയോഗത്തിനായി രണ്ടു ചെറിയ കെട്ടിടങ്ങളും കോംപൗണ്ടിലുണ്ട്. മൊത്തം 4.2 ഏക്കർ ആണ് ക്ലിഫ് ഹൗസ് കോംപൗണ്ട്. എൽഡിഎഫ് സർക്കാറിൻറെ ഭരണക്കാലത്ത് സാമ്പത്തിക പ്രതിസന്ധികൾക്കിടെ ക്ലിഫ് ഹൗസിലെ നീന്തൽ കുളത്തിൻറെ അടക്കമുള്ള മോടി പിടിപ്പിക്കൽ ഏറെ വിവാദത്തിന് ഇടയാക്കിയിരുന്നു. ക്ലിഫ് ഹൗസ് ഉൾപ്പെടെ മന്ത്രിമന്ദിരങ്ങളിൽ മരപ്പട്ടി ശല്യം രൂക്ഷമാണെന്ന മുഖ്യമന്ത്രിയുടെ പരസ്യ പ്രതികരണവും വാർത്തകളിൽ ഇടം പിടിച്ചിരുന്നു. പിണറായി സർക്കാർ ‍അധികാരത്തിൽ വന്ന 2016 മെയ് മുതൽ 2022 നവംബർ 14 വരെ മാത്രം ക്ലിഫ് ഹൗസിലെ നീന്തൽ കുളത്തിനായി 31,92, 360 രൂപയാണ് ചെലവിട്ടത്. ക്ലിഫ് ഹൗസിൽ ലിഫ്റ്റ് പണിയാൻ 25.50 ലക്ഷം രൂപ അനുവദിച്ചതും ഏറെ വിമർശങ്ങൾക്ക് ഇടയാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *