തിരുവനന്തപുരം: പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം ഏറ്റെടുക്കാൻ സാധ്യത. ഇന്ന് ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ തീരുമാനം ഉണ്ടാകും. കേരളം നിയമസഭാ തിരഞ്ഞടുപ്പിന്റെ പ്രചാരണം നയിച്ച പിണറായി വിജയൻ തന്നെ പ്രതിപക്ഷത്തെ നയിക്കണമെന്ന് എൽഡിഎഫ് മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ടതായും സൂചനയുണ്ട്.
മുതിർന്നനേതാവ് തന്നെ പ്രതിപക്ഷം ഭരിക്കണമെന്നും പത്ത് വർഷം ഭരണ പരിചയമുള്ള പിണറായി വിജയന് ജനവിധി മാനിച്ചുകൊണ്ട് എന്തുകൊണ്ട് പ്രതിപക്ഷത്തെ നയിച്ചുകൂടാ എന്ന രീതിയിൽ ചോദ്യങ്ങളാണ് മുതിർന്ന നേതാക്കൾ അടക്കം ഉന്നയിക്കുന്നത്. ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന സെക്രട്ടറിയേറ്റ് യോഗത്തിൽ തീരുമാനം ഉണ്ടാകും. സംഘടനാ രംഗത്തും പാർലമെന്ററി രംഗത്തും വലിയ അഴിച്ചുപണി ഉണ്ടായാൽ അത് തെറ്റായ സന്ദേശം നൽകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം, നിയമസഭാ തിരഞ്ഞടുപ്പിലെ തിരിച്ചടി വിലയിരുത്താൻ സിപിഐഎം – സിപിഐ നേതൃയോഗങ്ങൾ ഇന്ന് ചേരും. സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റിൽ ഇതുസംബന്ധിച്ച് വിശദമായ ചർച്ച നടക്കും. ദേശീയ ജനറൽ സെക്രട്ടറി എം.എ.ബേബിയും യോഗത്തിൽ പങ്കെടുക്കും.
മുഖ്യമന്ത്രി സ്ഥാനം രാജിവച്ച പിണറായി വിജയൻ ഇന്ന് ക്ലിഫ് ഹൌസ് ഒഴിയും. എകെജി സെന്ററിന് സമീപത്തെ സിപിഐഎം പിബി അംഗങ്ങൾക്കായുള്ള ഫ്ലാറ്റിലേക്കാണ് പിണറായി വിജയൻ മാറുന്നത്. പ്രതിപക്ഷ നേതാവാര് എന്നതിലും ചർച്ച നടക്കും. തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ സിപിഐയുടെ സംസ്ഥാന സെക്രട്ടേറിയേറ്റ് രാവിലെയും എക്സിക്യൂട്ടീവ് ഉച്ചയ്ക്കും ചേരും. തോൽവിയുടെ പശ്ചാത്തലത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറിക്കെതിരെ കാര്യമായ വിമർശനത്തിന് സാധ്യതയുണ്ടെന്നാണ് സൂചന.
