ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭം രേഖപ്പെടുത്തി എമിറേറ്റ്സ് ഗ്രൂപ്പ്

ദുബായ്: പശ്ചിമേഷ്യൻ സംഘർഷത്തിനിടയിലും ലാഭ കുതിപ്പിൽ എമിറേറ്റ്സ് ഗ്രൂപ്പ്. 2025-26 സാമ്പത്തിക വർഷത്തിൽ ചരിത്രത്തിലെ ഉയർന്ന ലാഭം രേഖപ്പെടുത്തി. 24.4 ബില്യൺ ദിർഹമാണ് ഗ്രൂപ്പിന്റെ നികുതിക്ക് മുമ്പുള്ള ലാഭം. മുൻവർഷത്തെ അപേക്ഷിച്ച് ഏഴ് ശതമാനം വർധനവാണിത്. എമിറേറ്റ്‌സ് എയർലൈൻ മാത്രം 22.8 ബില്യൺ ദിർഹം ലാഭമാണ് നേടിയത്.

53.2 ദശലക്ഷം പേർ എമിറേറ്റ്‌സിൽ യാത്ര ചെയ്തു. എയർലൈന്‍റെ ആകെ വരുമാനം 150.5 ബില്യൺ ദിർഹമാണ് (3% വർധനവ്). ബ്രാൻഡ് മൂല്യം 27 ശതമാനം വർധിച്ച് 10.6 ബില്യൺ ഡോളറിലെത്തി.

ഫെബ്രുവരി 28 മുതൽ മേഖലയിലെ സൈനിക നീക്കങ്ങൾ വിമാന സർവീസുകളെ ബാധിച്ചെങ്കിലും ദുബായ് ഗവൺമെന്റിന്റെയും എമിറേറ്റ്‌സിന്റെയും നിർണ്ണായക ഇടപെടലിലൂടെ സുരക്ഷിതമായ ആകാശപാതകൾ കണ്ടെത്താൻ സാധിച്ചുവെന്ന് എമിറേറ്റ്‌സ് ഗ്രൂപ്പ് ചെയർമാനും ചീഫ് എക്സിക്യൂട്ടീവുമായ ശൈഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂം പറഞ്ഞു.

15 എയർബസ് A350 വിമാനങ്ങൾ കൂടി എമിറേറ്റ്‌സ് ഇറക്കിയതോടെ ആകെ വിമാനങ്ങളുടെ എണ്ണം 277 ആയി. ഗ്രൂപ്പിലെ ജീവനക്കാരുടെ എണ്ണം 8 ശതമാനം വർധിച്ച് 1,30,919 ആയി. ലോകത്തിലെ ഏറ്റവും വലിയ സ്‌പോർട്‌സ് സ്പോൺസർമാരിൽ ഒന്നായി എമിറേറ്റ്‌സ് മാറി എന്നും, 2030 വരെ നീളുന്ന പ്രധാന കരാറുകളിൽ ഒപ്പിട്ടതായും അധികൃതർ അറിയിച്ചു. പ്രതിസന്ധികളെ അതിജീവിച്ച് കൂടുതൽ കരുത്തോടെ എമിറേറ്റ്‌സ് മുന്നേറുമെന്ന് ശൈഖ് അഹമ്മദ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *