സ്കൂൾ തുറക്കാൻ രണ്ടാഴ്ച്ച മാത്രം ബാക്കി; സംസ്ഥാനത്ത് പാഠപുസ്തക വിതരണം പ്രതിസന്ധിയിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലേക്കുള്ള പാഠപുസ്തക വിതരണം വൈകുമെന്ന് റിപ്പോർട്ട്. പുസ്തകം അച്ചടിക്കാൻ പേപ്പറില്ലാത്തതിനാലാണ് അച്ചടി നീണ്ടു പോകുന്നതെന്നാണ് വിവരം. സ്കൂൾ തുറക്കാൻ വെറും രണ്ടാഴ്ച മാത്രം ബാക്കി നിൽക്കെയാണ് പാഠപുസ്തക വിതരണത്തിൽ പ്രതിസന്ധി നേരിടുന്നത്. 70% പോലും പ്രിന്റിംഗ് പൂർത്തിയായിട്ടില്ലെന്നാണ് കെബിപിഎസ് വർക്കേഴ്സ് യൂണിയൻ പ്രസിഡണ്ട് കെ. കെ ഇബ്രാഹിം അറിയിച്ചിരിക്കുന്നത്.

സ്കൂൾ തുറക്കുന്നതിന് മുൻപ് പാഠപുസ്തകം എത്തിക്കാനാകില്ല. പേപ്പർ എത്താത്തതാണ് പ്രതിസന്ധി. പ്രിന്റിംഗ് കഴിഞ്ഞ പുസ്തകങ്ങൾക്ക് പുറംചട്ട ഇല്ല. പുറംചട്ട ഇല്ലാത്ത പുസ്തകങ്ങൾ കെബിപിഎസിൽ കെട്ടിക്കിടക്കുകയാണ്. സർക്കാർ 300 കോടി രൂപയോളം കെബിപിഎസിന് നൽകാനുണ്ട്. സർക്കാർ കൃത്യമായി പേപ്പർ നൽകുന്നില്ല. കുടിശ്ശിക ഉള്ളതിനാൽ കെബിപിഎസിന് പേപ്പർ വാങ്ങാനും കഴിയുന്നില്ല. ഈ ബാധ്യത അടുത്ത സർക്കാരിൻ്റെ തലയിലാകുമെന്നാണ് കെബിപിഎസ് സ്റ്റാഫ് ആൻ്റ് എംപ്ലോയിസ് അസോസിയേഷൻ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *