ആഫ്രിക്ക: ആഫ്രിക്കയിലുടനീളം ആശങ്ക ഉയർത്തി ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ വീണ്ടും എബോള പൊട്ടിപ്പുറപ്പെട്ടു. വൈറസ് ബാധയുമായി ബന്ധപ്പെട്ട് 65 മരണങ്ങൾ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ. ഇറ്റൂരി പ്രവിശ്യയിൽ ഏകദേശം 246 സംശയാസ്പദ എബോള കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ആഫ്രിക്കൻ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ വ്യക്തമാക്കി. മൊംഗ്വാലു, റുവാംപറ മേഖലകളിലാണ് കൂടുതൽ കേസുകൾ സ്ഥിരീകരിച്ചത്. പ്രവിശ്യാ തലസ്ഥാനമായ ബുനിയയിലും സംശയാസ്പദമായ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
സാധാരണ കാണുന്ന വകഭേദങ്ങളിൽ നിന്ന് വ്യത്യസ്തമായ വകഭേദമാവാം പുതിയ വ്യാപനത്തിന് പിന്നിലെന്ന് ആരോഗ്യവിദഗ്ധർ ആശങ്കപ്പെടുന്നുണ്ട്. 1976-ൽ ആദ്യമായി വൈറസ് കണ്ടെത്തിയതുതൊട്ട് ഇങ്ങോട്ട് കോംഗോയിൽ പലതവണ എബോള പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്.
