മസ്‌കത്ത്: ഒമാനിലെ തൊഴിൽ മേഖല കൂടുതൽ സുതാര്യമാക്കുന്നതിന്റെ ഭാഗമായി, രാജ്യത്തെ തൊഴിൽ കരാറുകൾ നിർബന്ധമായും രേഖാമൂലവും അറബി ഭാഷയിലുള്ളതുമായിരിക്കണമെന്ന് തൊഴിൽ മന്ത്രാലയം കർശന നിർദേശം നൽകി. പുതിയ തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 33 കൃത്യമായി പാലിക്കണമെന്ന് വ്യക്തമാക്കിയ അധികൃതർ, നിയമലംഘനം നടത്തുന്ന തൊഴിലുടമകൾക്കും തൊഴിലാളികൾക്കും എതിരെ മുന്നറിയിപ്പും നൽകി. ഇരുപക്ഷവും ഒപ്പുവെച്ച കരാറിന്റെ ഒറിജിനൽ പകർപ്പുകൾ തൊഴിലുടമയും തൊഴിലാളിയും നിർബന്ധമായും സൂക്ഷിക്കേണ്ടതുണ്ട്. അറബിക്ക് പുറമെ ഇംഗ്ലീഷോ മലയാളമോ ഉൾപ്പെടെയുള്ള മറ്റ് ഭാഷകളിലും കരാറുകൾ തയ്യാറാക്കാൻ അനുവാദമുണ്ടെങ്കിലും, മന്ത്രാലയം അംഗീകരിച്ച അറബിപ്പതിപ്പ് ഇതിനോടൊപ്പം ഉണ്ടായിരിക്കണമെന്നും രണ്ട് പതിപ്പുകൾക്കും തുല്യ നിയമസാധുതയായിരിക്കുമെന്നും അധികൃതർ അറിയിച്ചു.
ഒമാനിൽ തൊഴിൽ കരാറുകൾക്ക് അറബി ഭാഷ നിർബന്ധമാക്കി
