കന്യകയായ പെൺകുട്ടിയുടെ മൗനം വിവാഹത്തിനുള്ള സമ്മതം

കാബൂൾ: വിവാഹം, വിവാഹമോചനം, ബാലവിവാഹം എന്നിവ നിയന്ത്രിക്കുന്നതിന് വീണ്ടും വിവാദ നിയമവുമായി അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം. കന്യകയായ ഒരു പെൺകുട്ടിയുടെ മൗനം വിവാഹത്തിനുള്ള സമ്മതമായി കണക്കാക്കാം എന്നാണ് പുതിയ കുടുംബ നിയമപ്രകാരം വിശദമാക്കുന്നത്. പങ്കാളികൾ തമ്മിലുള്ള വേർപിരിയലിന്റെ തത്വങ്ങൾ എന്ന് പേരിട്ടിരിക്കുന്ന 31 വകുപ്പുകളുള്ള ഈ പുതിയ നിയമാവലിക്ക് താലിബാൻ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്സാദ അംഗീകാരം നൽകിയെന്നാണ് അഫ്ഗാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ബാലവിവാഹം, കാണാതായ ഭർത്താക്കന്മാർ, നിർബന്ധിത വേർപിരിയൽ, മതംമാറ്റം, വ്യഭിചാര ആരോപണങ്ങൾ, മറ്റ് മതപരവും നിയമപരവുമായ കാര്യങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ചട്ടങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്. ബാലവിവാഹങ്ങളുടെ കാര്യത്തിൽ പെൺകുട്ടിയുടെ പിതാവിനും മുത്തശ്ശനും മാത്രമാണ് താലിബാൻ പൂർണ്ണ അധികാരം നൽകിയിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ഉൾപ്പെടുന്ന വിവാഹങ്ങൾ റദ്ദാക്കണമെങ്കിൽ, പെൺകുട്ടി പ്രായപൂർത്തിയായതിന് ശേഷം താലിബാൻ കോടതിയുടെ വ്യക്തമായ അനുമതിയോടെ മാത്രമേ സാധ്യമാകൂ എന്നും ഈ നിയമങ്ങൾ വ്യവസ്ഥ ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *