കൊച്ചി: മുനമ്പം തർക്ക ഭൂമി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തതിനെതിരെ കത്തോലിക്ക മുഖപത്രമായ ദീപികയിൽ മുഖപ്രസംഗം. വഖഫ് ബോർഡ് തർക്ക ഭൂമിയിലെ കുടുംബങ്ങളെ വെല്ലുവിളിച്ചിരിക്കുകയാണെന്നും വഖഫ് ബോർഡിന്റെ ഉമീദ് വിജ്ഞാപനം റദ്ദാക്കണമെന്നും എഡിറ്റോറിയലിൽ പറയുന്നു. മുനമ്പത്തെ വഖഫ് കുറ്റികൾ അറബിക്കടലിൽ എറിയണമെന്നും എഡിറ്റോറിയൽ ആഹ്വാനം ചെയ്തു. തങ്ങളുടേതെന്നു തങ്ങൾക്കു തോന്നുന്ന ഏതു സ്വത്തും കൈവശപ്പെടുത്താൻ അനുവദിക്കുന്ന വഖഫ് വകുപ്പുകൾ ഈ മതേതര രാജ്യത്ത് ഇതിനോടകം വരുത്തിവച്ചിട്ടുള്ള വിനാശങ്ങൾ എല്ലാവരും ഓർമിക്കുന്നതു നല്ലതാണെന്നും തീവ്രഹിന്ദുത്വയെ രാജ്യത്ത് വളർത്തിയതിൽ വഖഫ് ബോർഡിന്റെ പങ്ക് ചരിത്രത്തിലുണ്ടാകുമെന്നും മുഖപ്രസംഗം പറയുന്നു.
കേന്ദ്രസർക്കാർ നിയമം ഭേദഗതി ചെയ്തെങ്കിലും അതിന് മുമ്പ് മതനിയമത്തിൽ പെട്ടുപോയ മുനമ്പം നിവാസികളെ രക്ഷിക്കാൻ ഭേദഗതിയിൽ ഒന്നുമില്ലായിരുന്നു. മുനമ്പത്തെ വേട്ട തുടരാൻ ബോർഡിന് അതു സഹായകമായി. പിണറായി സർക്കാർ കുറെയൊക്കെ ശ്രമിച്ചെങ്കിലും പരിഹരിക്കാനായില്ല. അധികാരത്തിലെത്തിയാൽ 10 മിനിറ്റുകൊണ്ട് തീർക്കാവുന്ന പ്രശ്നമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രതിപക്ഷനേതാവായിരുന്നപ്പോൾ പറഞ്ഞിട്ടുള്ളതുകൊണ്ട് ഈ സംഭവവികാസങ്ങൾ ശ്രദ്ധയിൽപ്പെടുത്തുകയാണെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
