തൃശ്ശൂർ: തൃശ്ശൂർ നഗരത്തിൽ വിരണ്ടോടിയ ആനയ്ക്ക് എഴുന്നള്ളിപ്പുകൾക്ക് വിലക്ക് ഏർപ്പെടുത്തി വനംവകുപ്പ്. നാശനഷ്ടങ്ങളുടെ റിപ്പോർട്ട് റവന്യൂ വകുപ്പ് നൽകും. ആനയുടമ നാശനഷ്ടം നൽകണം. 15 ദിവസത്തെ വിലക്കിന് ശേഷം 3 വെറ്റിനറി ഡോക്ടർമാർ ആനയെ പരിശോധിക്കും. തിരുവനന്തപുരം സ്വദേശി ശിവദത്തിന്റേതാണ് ശിവം ലക്ഷ്മി അയ്യപ്പൻ എന്ന ആന.
കഴിഞ്ഞ ശനിയാഴ്ച തൃശ്ശൂർ ചെമ്പുക്കാവ് പ്രദേശത്താണ് ആന വിരണ്ടോടി നാശനഷ്ടം ഉണ്ടാക്കിയത്. അഞ്ച് ഇരുചക്രവാഹനം, രണ്ട് കാറുകൾ, അഞ്ച് വീടുകളുടെ മതിൽ, ഓട്ടോറിക്ഷ, ടൗൺ ഹാളിൻ്റ മതിൽ എന്നിവയാണ് ആന നശിപ്പിച്ചത്. വീടുകളിലെ മതിലുകളും വാഹനങ്ങളും ആന തകർത്തു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ആനയെ തളച്ചത്.
പഴങ്ങളും തണുത്ത വെള്ളവും നൽകി ആനയെ ശാന്തനാക്കിയ ശേഷമാണ് തളച്ചത്. വനം വകുപ്പിന്റെയും എലെഫൻസ് സ്ക്വാഡിന്റെയും ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മന്ത്രി ഓ ജെ ജനീഷ്, തൃശൂർ എംഎൽഎ രാജൻ പല്ലൻ തുടങ്ങിയ ജനപ്രതിനിധികളും സ്ഥലത്തെത്തിയിരുന്നു. ആനയുടെ മുഖത്തും തുമ്പിക്കൈക്കും പരിക്കുകൾ ഉണ്ട്.
