ദേരാ സച്ചാ സൗദാ തലവൻ റാം റഹീം സിങ്ങിന് വീണ്ടും പരോൾ

ജയ്പുർ: ദേരാ സച്ചാ സൗദാ തലവൻ ഗുർമീത് രാം റഹീം സിങ്ങിന് വീണ്ടും പരോൾ. 30 ദിവസത്തെ പരോൾ ആണ് ഇത്തവണ അനുവദിച്ചത്. അനുയായികളായ രണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്ത കേസിൽ 20 വർഷം തടവുശിക്ഷ അനുഭവിക്കുകയായിരുന്നു. 2017-ൽ ആണ് ബലാത്സംഗ കേസിൽ ഗുർമീത് ജയിലിലായത്. ശിക്ഷിക്കപ്പെട്ട് 8 വർഷത്തിനിടെ ഇത് 16-ാം തവണയാണ് ഗുർമീതിന് പരോൾ ലഭിക്കുന്നത്. 2026-ൽ മാത്രം ഇത് രണ്ടാം തവണയാണ് പരോൾ ലഭിക്കുന്നത്. കഴിഞ്ഞ ജനുവരി 5-ന് ഷാ സത്നാം സിങ്ങിന്റെ ജന്മവാർഷിക ആഘോഷങ്ങളുമായി ബന്ധപ്പെട്ട് 40 ദിവസത്തെ പരോൾ ആണ് ലഭിച്ചത്. ഇതുവരെ 3,193 ശിക്ഷാ ദിവസങ്ങളിൽ 406 ദിവസവും ജയിലിന് പുറത്താണ് ചെലവഴിച്ചതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

രണ്ട് വനിതാ അനുയായികളെ പീഡിപ്പിച്ച കേസിലാണ് സി.ബി.ഐ. പ്രത്യേക കോടതി ഗുർമീത് റാം റഹീം സിങ്ങിനെ 20 വർഷം തടവിന് ശിക്ഷിച്ചത്. നിലവിൽ ലഭിച്ച 30 ദിവസത്തെ പരോളോടെ, 2026-ൽ ഒരാൾക്ക് ലഭിക്കാവുന്ന പരോൾ പരിധി റാം റഹീമിന് കഴിഞ്ഞിട്ടുണ്ട്. പരോളിൽ പുറത്തിറങ്ങുന്ന കാലയളവ് ശിക്ഷാ കാലാവധിയുടെ ഭാഗമായി കണക്കാക്കില്ല, അതിനാൽ ആ ദിവസങ്ങൾ കൂടി ഗുർമീതിന് തടവ് അനുഭവിക്കേണ്ടി വരും. രാം ചന്ദർ ഛത്രപതി വധക്കേസിലും ദേര മാനേജർ രഞ്ജിത് സിങ് വധക്കേസിലും ഗുർമീതിന് ശിക്ഷ ലഭിച്ചിരുന്നെങ്കിലും, പഞ്ചാബ്-ഹരിയാണ ഹൈക്കോടതി 2024-ലും 2026-ലുമായി ഈ രണ്ട് കേസുകളിൽനിന്നും അദ്ദേഹത്തെ വെറുതേ വിട്ടു. ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി ഉൾപ്പെടെയുള്ള സിഖ് സംഘടനകൾ റാം റഹീമിന് ആവർത്തിച്ച് പരോളും ഫർലോയും അനുവദിച്ചതിനെതിരെ രംഗത്ത് വന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *