തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് തന്നെ ഫോണിൽ ബന്ധപ്പെട്ടുവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. രാജ്യത്തിന്റേയും ജനങ്ങളുടേയും ഉന്നമനത്തിനായി എങ്ങനെ ഒരുമിച്ച് പ്രവർത്തിക്കാം എന്നതിനെക്കുറിച്ച് ഇരുവരും സംസാരിച്ചുവെന്നും സുരേഷ് ഗോപി ഫെയ്‌സ്ബുക്കിൽ കുറിച്ചു. വിജയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു കുറിപ്പ്.
‘ബഹുമാനപ്പെട്ട ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, എന്റെ പ്രിയ സുഹൃത്തും തമിഴകത്തിന്റെ പ്രിയ നായകനുമായ ജോസഫ് വിജയ് എന്നെ ഫോണിൽ വിളിക്കുകയുണ്ടായി. സൗഹൃദം പങ്കുവെക്കലിനപ്പുറം, രാജ്യത്തിന്റെയും നമ്മുടെ ജനങ്ങളുടെയും ഉന്നമനത്തിനായി എങ്ങനെ ഒരുമിച്ച് പ്രവർത്തിക്കാം എന്നതിനെക്കുറിച്ചാണ് ഞങ്ങൾ പ്രധാനമായും സംസാരിച്ചത്’, സുരേഷ് ഗോപി കുറിച്ചു.
‘കേരളം- തമിഴ്‌നാട് സംസ്ഥാനങ്ങളുടെ സമഗ്ര വികസനത്തിനും ഭാരതത്തിന്റെ പുരോഗതിക്കുമായി ഒരേ മനസോടെ, കൈകോർത്ത് മുന്നോട്ട് പോകുമെന്ന് ഞങ്ങൾ ഉറപ്പുനൽകി. പ്രിയ സഹോദരൻ, തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്ക്കും അദ്ദേഹത്തിന്റെ മുന്നോട്ടുള്ള എല്ലാ ജനസേവന യാത്രകൾക്കും ഹൃദയം നിറഞ്ഞ ആശംസകൾ’ എന്നും അദ്ദേഹം കുറിച്ചു.
ബുധനാഴ്ചയാണ് തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്, പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയത്. ഡൽഹിയിൽ സേവാ തീർഥിലെ പ്രധാനമന്ത്രിയുടെ ഓഫീസിൽ 20 മിനിറ്റോളം കൂടിക്കാഴ്ച നീണ്ടുനിന്നു. തമിഴ്‌നാടിന്റെ വിവിധ ആശങ്കകളും ആവശ്യങ്ങളും വിജയ് മോദിയോട് പങ്കുവെച്ചു. വന്ദേമാതരം വിവാദം, മേക്കെദാട്ട് അണക്കെട്ടു വിഷയം, തമിഴ് മത്സ്യത്തൊഴിലാളികൾക്കുനേരേയുള്ള ശ്രീലങ്കൻ നാവികസേനയുടെ തുടർച്ചയായ ആക്രമണങ്ങൾ തുടങ്ങിയ കാര്യങ്ങളെല്ലാം വിജയ് പ്രധാനമന്ത്രിയുമായി ചർച്ചചെയ്തു.
