ആക്ഷൻ ത്രില്ലർ ചിത്രം ‘കാട്ടാളൻ’ പ്രദർശനം ആരംഭിച്ചു

ബ്രഹ്‌മാണ്ഡ ആക്ഷൻ ത്രില്ലർ ചിത്രം ‘കാട്ടാളൻ’ പ്രദർശനം ആരംഭിച്ചു. ക്യൂബ്‌സ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദാണ് ചിത്രം നിർമ്മിക്കുന്നത്. നവാഗതനായ പോൾ ജോർജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആദ്യ ഷോകൾ കഴിയുമ്പോൾ ഗംഭീര പ്രതികരണമാണ് തിയേറ്ററുകളിൽ നിന്നും ലഭിക്കുന്നത്. ദിവസങ്ങൾക്ക് മുൻപേ അഡ്വാൻസ് ബുക്കിങ് ആരംഭിച്ച ചിത്രത്തിന് മികച്ച പ്രീ സെയിലാണ് ലഭിച്ചത്. ‘മാർക്കോ’ എന്ന പാൻ- ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ആക്ഷൻ ത്രില്ലറിന് ശേഷം ക്യൂബ്‌സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിക്കുന്ന ചിത്രം കൂടിയാണ് കാട്ടാളൻ.

ആന്റണി വർഗീസ് നായകനായി എത്തുന്ന ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ദുഷാര വിജയൻ നായികയായി മലയാളത്തിലെത്തുന്ന ചിത്രത്തിൽ, പുഷ്പ, ജയിലർ എന്നിവയിലൂടെ ശ്രദ്ധനേടിയ തെലുങ്ക് താരം സുനിൽ, മാർക്കോയിലൂടെ മലയാളത്തിലെത്തി ശ്രദ്ധനേടിയ കബീർദുഹാൻ സിങ്, പുഷ്പ ഫെയിം തെലുങ്കു താരം രാജ് തിരാണ്ടുസു, ‘കിൽ’ എന്ന ബ്ലോക്ക്ബസ്റ്റർ ഹിന്ദി ചിത്രത്തിലൂടെ പ്രശംസ നേടിയ ബോളിവുഡ് താരം പാർഥ് തിവാരി, മലയാളത്തിൽനിന്ന് ജഗദീഷ്, സിദ്ദിഖ്, വ്‌ളോഗറും ഗായകനുമായ ഹനാൻഷാ, ഹിപ്സ്റ്റർ എന്നിവരും അഭിനയിച്ചിട്ടുണ്ട്. പ്രേക്ഷകരെ ഒരേ സമയം അമ്പരപ്പിക്കുകയും ത്രസിപ്പിക്കുകയും ചെയ്യുന്ന സംഘട്ടന രംഗങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.

രവി ബസ്‌റൂർ ഒരുക്കിയ പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നുണ്ട്. മലയാളത്തിൽ ഇതുവരെ കാണാത്ത പശ്ചാത്തലത്തിലാണ് ചിത്രം കഥപറയുന്നത്. ഓങ് ബാക്ക് സീരീസ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ആക്ഷൻ ത്രില്ലറുകൾക്ക് സംഘട്ടനം ഒരുക്കിയ ലോകപ്രശസ്തനായ കെച്ച കെംബാക്ഡിയുടെയും അദ്ദേഹത്തിന്റെ ടീമിന്റെയും നേതൃത്വത്തിൽ ആണ് ആക്ഷൻ രംഗങ്ങൾ തായ്ലൻഡിൽ ചിത്രീകരിച്ചത്. ഓങ് ബാക്ക് സീരിസിലൂടെ വലിയ ശ്രദ്ധ നേടിയ ‘പോങ്’ എന്ന ആനയും ചിത്രത്തിലുണ്ട്. കെജിഎഫ്, സലാർ എന്നിവയിലൂടെ പാൻ- ഇന്ത്യൻ ലെവലിൽ തരംഗമായ കന്നഡ സംഗീത സംവിധായകൻ രവി ബസ്റൂർ സംഗീതമൊരുക്കിയ ചിത്രം, ജോബി വർഗീസ്, പോൾ ജോർജ്, ജെറോ ജേക്കബ് എന്നിവർ ചേർന്നാണ് രചിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *