സിജെപിയ്ക്ക് ഐക്യദാര്‍ഢ്യവുമായി നടന്‍ ടൊവിനോ തോമസ്

കൊച്ചി: പരീക്ഷാ ക്രമക്കേടുകളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചും കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) ഡല്‍ഹിയില്‍ നടത്തുന്ന സമരത്തിനെതിരായ പൊലീസ് നടപടിയില്‍ വിമര്‍ശനവുമായി നടന്‍ ടൊവിനോ തോമസ്. സമാധാനപരമായി നടത്തുന്ന ഒരു പ്രതിഷേധത്തെ ഈ രീതിയിലല്ല കൈകാര്യം ചെയ്യേണ്ടതെന്ന് ടൊവിനോ തോമസ് പറഞ്ഞു. യുവാക്കള്‍ സംസാരിക്കുമ്പോള്‍ അതിനെ അടിച്ചമര്‍ത്തുന്നത് വഴി രാജ്യത്തിന്റെ ഭാവിയെ തന്നെയാണ് ചവിട്ടി താഴ്ത്തുന്നതെന്നും ജനാധിപത്യത്തിലുളള വിശ്വാസം തന്നെ ഇല്ലാതാവുമെന്നും ടൊവിനോ പറഞ്ഞു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ടൊവിനോയുടെ പ്രതികരണം.

‘ശരിയും തെറ്റും ആപേക്ഷികമായിരിക്കാം. പക്ഷെ സമാധാനപരമായ ഒരു സമരത്തെ നേരിടേണ്ട രീതി എന്തായാലും ഇതല്ല. ഒരു രാജ്യത്തിന്റെ ഭാവി തലമുറ സംസാരിക്കുമ്പോള്‍ അതിനെ അടിച്ചമര്‍ത്തുന്ന പക്ഷം രാജ്യത്തിന്റെ ഭാവി തന്നെയാണ് ചവിട്ടി താഴ്ത്തപ്പെടുന്നത്. ജനാധിപത്യത്തിലുളള വിശ്വാസമാണ് ചോര്‍ന്നുപോകുന്നത്. ഈ വിദ്യാര്‍ത്ഥികള്‍ എന്ത് തെറ്റാണ് ചെയ്തത്? അവര്‍ പൊതുമുതല്‍ നശിപ്പിച്ചോ? അക്രമത്തിലേക്ക് തിരിഞ്ഞോ? ഇങ്ങനെ ആക്രമിക്കാന്‍ അവര്‍ എന്ത് തെറ്റാണ് ചെയ്തത്? നമ്മുടെ രാജ്യത്തിന്റെ ഏത് ഭാഗത്തും ഒരു കാര്യത്തിന് വേണ്ടി സമാധാനപൂര്‍വം പ്രതിഷേധിക്കുന്ന ഓരോ വ്യക്തിക്കും ഞാന്‍ പൂര്‍ണഹൃദയത്തോടെ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു. വിയോജിപ്പിനുളള അവകാശം ജനാധിപത്യത്തിന് ഭീഷണിയല്ല. അത് യഥാര്‍ത്ഥത്തില്‍ ജനാധിപത്യത്തിന്റെ അടിത്തറ തന്നെയാണ്. ഇനി, എന്റെ ദേശീയതയെ ചോദ്യംചെയ്യാന്‍ വരുന്നവരോടാണ്, നിങ്ങളേക്കാള്‍ നന്നായി എനിക്ക് എന്നെ അറിയാം. മനുഷ്യത്വമാണ് എന്റെ രാഷ്ട്രീയം. സമാധാനത്തിലാണ് എന്റെ വിശ്വാസം. ജയ് ഹിന്ദ്’: ടൊവിനോ തോമസ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *