വേനലിന്റെ ഒന്നാംഘട്ടത്തിൽ സൗദിയിലെ ഏറ്റവും ചൂടേറിയ പ്രദേശമായി അൽ അഹ്സ

റിയാദ്: സൗദി അറേബ്യയിൽ വേനൽക്കാലത്തിന്റെ ഒന്നാം ഘട്ടം പൂർത്തിയാകുമ്പോൾ രാജ്യത്തെ ഏറ്റവും ചൂടുകൂടിയ പ്രദേശമായി കിഴക്കൻ പ്രവിശ്യയിലെ അൽ അഹ്സ ഗവർണറേറ്റ് മാറിയതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ മൂന്ന് ദിവസങ്ങൾക്കിടയിൽ മാത്രം ഇവിടെ 49°C താപനിലയാണ് രേഖപ്പെടുത്തിയത്. അൽ അഹ്സയ്ക്ക് പുറമെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. ദമ്മാമിലും താപനില 49°C സെൽഷ്യസിലെത്തിയിട്ടുണ്ട്. ഖൈസൂമയിൽ 48°C ഉം രേഖപ്പെടുത്തി. തലസ്ഥാന നഗരമായ റിയാദ്, വാദിഅദ്ദവാസിർ, മദീന എന്നീ നഗരങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ശരാശരി 46°C ചൂടാണ് തുടർച്ചയായി രേഖപ്പെടുത്തിയത്.

ജൂൺ മാസത്തിലെ ചരിത്രപരമായ കാലാവസ്ഥാ റെക്കോർഡുകൾ പരിശോധിക്കുമ്പോൾ സൗദിയിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ വെച്ച് ഏറ്റവും ഉയർന്ന താപനില ജിദ്ദയിലാണെന്ന് കാലാവസ്ഥാ കേന്ദ്ര വക്താവ് ഹുസൈൻ അൽ ഖഹ്താനി സ്ഥിരീകരിച്ചു. 2010 ജൂണിൽ ജിദ്ദയിൽ 52.0°C ചൂടാണ് രേഖപ്പെടുത്തിയത്. വേനൽക്കാലത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ രാജ്യത്തെ ഭൂരിഭാഗം പ്രദേശങ്ങളിലും ചൂട് സാധാരണയേക്കാൾ കൂടുതൽ വർധിക്കുമെന്നാണ് പ്രവചനം. ഉച്ചസമയങ്ങളിൽ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്നും കാലാവസ്ഥാ കേന്ദ്രത്തിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു

Leave a Reply

Your email address will not be published. Required fields are marked *