ന്യൂഡൽഹി : ഡി.ആർ. കോംഗോയിലെ എബോള വ്യാപനത്തിൽ ആഗോളതലത്തിലുള്ള അപകടസാധ്യത കുറവാണെന്ന് ലോകാരോഗ്യസംഘടനയുടെ ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അഥനോ ഗെബ്രിയേസുസ് പറഞ്ഞു. ബുധനാഴ്ച ഫ്രാൻസിൽ ഒരു കേസ് സ്ഥിരീകരിച്ചതിനു പിന്നാലെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡി.ആർ. കോംഗോയിൽ നിന്ന് തിരിച്ചെത്തിയ ഒരു ഡോക്ടർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആഫ്രിക്കൻ ഭൂഖണ്ഡത്തിന് പുറത്ത് കണ്ടെത്തുന്ന ആദ്യത്തെ കേസ് കൂടിയാണിത്.
അതേസമയം ഫ്രാൻസിൽ രോഗം സ്ഥിരീകരിച്ച ഡോക്ടർക്ക് യാത്ര ചെയ്യുന്ന സമയത്ത് തലവേദന ഒഴികെ മറ്റു ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെന്ന് ഫ്രഞ്ച് ആരോഗ്യ മന്ത്രാലയം പറഞ്ഞു. യാത്രയ്ക്കിടെ രോഗിയുടെ നില വഷളാവുകയും പാരീസിൽ ഇറങ്ങിയ ഉടൻ രോഗം ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിന് മുമ്പ് തന്നെ അദ്ദേഹത്തെ ഐസൊലേറ്റ് ചെയ്യുകയും ചെയ്തു. രോഗിയുടെ നില തൃപ്തികരമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
