മന്ത്രി സി.പി ജോണ്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്ന് ആനി രാജ

തിരുവനന്തപുരം: പ്രിയദര്‍ശിനി സൗജന്യ യാത്ര വന്നതോടെ സ്ത്രീകള്‍ ബസുകളില്‍ തള്ളിക്കയറുകയാണെന്ന ഗതാഗത മന്ത്രി സി. പി ജോണിന്റെ അധിക്ഷേപ പരാമര്‍ശത്തില്‍ പ്രതികരണവുമായി സിപിഐ നേതാവ് ആനി രാജ. സി പി ജോണ്‍ പ്രസ്താവന പിന്‍വലിച്ചു മാപ്പ് പറയണം എന്ന് ആനി രാജ ആവശ്യപ്പെട്ടു. കാര്യങ്ങള്‍ തിരിച്ചറിഞ്ഞ് അത്തരത്തില്‍ പ്രവര്‍ത്തിക്കുമെന്നാണ് കരുതുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പ്രസ്താവന അങ്ങേയറ്റം അപലപനീയമാണ്.

സ്ത്രീകള്‍ കൂടുതലായി പദ്ധതി ഉപയോഗിക്കാന്‍ തുടങ്ങിയതോടെയാണ് മന്ത്രിയില്‍ നിന്ന് ഇത്തരം നിലപാടുകള്‍ ഉണ്ടാകുന്നത്. സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര സര്‍ക്കാരിന്റെ ഔദാര്യമോ ഭിക്ഷയോ അല്ലെന്നും ആനി രാജ വിമര്‍ശിച്ചു. പദ്ധതി പ്രഖ്യാപിച്ച് വോട്ട് നേടിയവരാണ് ഇത് പറയുന്നത്. എപിഎല്‍, ബിപിഎല്‍ എന്ന രീതിയിലുള്ള യാതൊരുവിധ മാനദണ്ഡങ്ങളും മുന്നോട്ടുവെച്ചിരുന്നില്ല. യാത്രാസൗകര്യങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കാന്‍ സര്‍ക്കാരുകള്‍ ബാധ്യസ്ഥരാണെന്നും ആനി രാജ ചൂണ്ടിക്കാട്ടി.

പദ്ധതിയുടെ വരും വരായ്കകളെക്കുറിച്ച് നേരത്തെ കൃത്യമായ പഠനം നടത്തിയിരുന്നില്ല എന്നതിന് തെളിവാണ് പ്രസ്താവന എന്നും അവര്‍ പറഞ്ഞു. ബസിന് കാശില്ലാത്ത സ്ത്രീകള്‍ ഫീസ് കൊടുക്കേണ്ട സ്‌കൂളിലേക്ക് കുട്ടികളെ വിടുന്നുവെന്നായിരുന്നു മന്ത്രിയുടെ അധിക്ഷേപ പരാമര്‍ശം. സര്‍ക്കാര്‍ സ്‌കൂളില്‍ സീറ്റ് ഒഴിഞ്ഞു കിടക്കുന്നുവെന്നും ഫീസ് കൊടുക്കേണ്ടതില്ലാത്ത പ്രൈവറ്റില്‍ പോലും കുട്ടികളെ വിടാതെ ഫീസ് കൊടുക്കേണ്ട സ്‌കൂളിലേക്ക് വിടുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. സ്ത്രീകള്‍ ദാരിദ്ര്യം അഭിനയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *