അനൂപ് ജേക്കബ് മന്ത്രിയാകും ; ടേം വ്യവസ്ഥ ഇല്ല; മാണി സി കാപ്പൻ ഡെപ്യൂട്ടി സ്പീക്കറായേക്കും

തിരുവനന്തപുരം: ടേം വ്യവസ്ഥയിൽ മന്ത്രിസ്ഥാനത്തിന് ഇല്ലെന്ന അനൂപ് ജേക്കബിന്റെ അവശ്യം കോൺഗ്രസ് അംഗീകരിച്ചെന്ന് സൂചന. അഞ്ച് വർഷവും അനൂപ് ജേക്കബ് തന്നെ മന്ത്രിയാകും. മാണി സി കാപ്പന് ഡെപ്യൂട്ടി സ്പീക്കർ പദവി വാഗ്ദാനം ചെയ്തെന്നും സൂചനയുണ്ട്. അനൂപ് ജേക്കബിനും മാണി.സി കാപ്പനും രണ്ടര വർഷം വീതം മന്ത്രിസ്ഥാനം നൽകാമെന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന ധാരണ. എന്നാൽ ഇരുവരും ഇതിനോട് യോജിച്ചിരുന്നില്ല.

പാലായിൽ നടന്ന തിരഞ്ഞെടുപ്പ് കൺവെൻഷനിൽ നിയുക്ത മുഖ്യമന്ത്രി വി. ഡി സതീശനും രമേശ് ചെന്നിത്തലയും നൽകിയ പരസ്യമായ ഉറപ്പ് പാലിക്കണമെന്ന ആവശ്യം മാണി സി കാപ്പൻ മുന്നോട്ട് വെക്കുകയുണ്ടായി.അങ്ങോട്ടുപോകുന്ന കാറിൽ ആയിരിക്കില്ല കാപ്പൻ തിരികെ വരിക, കൊടിവെച്ച കാറിലായിരിക്കും മടങ്ങുകയെന്നാണ് വി. ഡി സതീശൻ പാലായിൽ വന്ന് പ്രസംഗിച്ചത്. ‘ടീം യുഡിഎഫ്’ എന്നല്ലേ നേതാക്കൾ പറയുന്നത്, താനും അതിന്റെ ഭാഗമല്ലേ? അതുകൊണ്ട് പറഞ്ഞ വാക്ക് പാലിക്കണമെന്ന് മാണി സി കാപ്പൻ പ്രതികരിച്ചത്.

അതേസമയം, ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയുമെന്ന കോൺഗ്രസ് ഫോർമുലയിൽ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം വഴങ്ങി. രണ്ട് മന്ത്രിസ്ഥാനമെന്ന കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. ജലസേചന വകുപ്പാണ് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന് നൽകുക.

Leave a Reply

Your email address will not be published. Required fields are marked *