മോസ്കോ: റഷ്യയിലെ റെസ്റ്റോറന്റിലുണ്ടായ ബോംബ് സ്ഫോടനത്തിൽ ചാവേറായ സ്ത്രീ ഉൾപ്പെടെ മൂന്നുപേർ കൊല്ലപ്പെട്ടു. തലസ്ഥാനനഗരമായ മോസ്കോയിലെ കുദ്രിൻസ്കയ സ്ക്വയറിലെ റെസ്റ്റോറന്റിലാണ് സ്ഫോടനമുണ്ടായത്. സംഭവത്തിൽ 21-ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.
പ്രാദേശിക സമയം ശനിയാഴ്ച വൈകിട്ടാണ് സംഭവമുണ്ടായതെന്നാണ് റഷ്യൻ വാർത്താ ഏജൻസികളുടെ റിപ്പോർട്ട്. അജ്ഞാതയായ ഒരു സ്ത്രീ ബോംബ് കൈവശംവെച്ച് റെസ്റ്റോറന്റിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ, സുരക്ഷാ ജീവനക്കാരൻ ഇവരെ തടഞ്ഞു. ഇതിനിടെയാണ് സ്ത്രീയുടെ കൈവശമുണ്ടായിരുന്ന ബോംബ് പൊട്ടിത്തെറിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.ചാവേറായ സ്ത്രീയും സുരക്ഷാ ജീവനക്കാരനും മറ്റൊരാളുമാണ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ ദേശീയ ഭീകരവിരുദ്ധ സമിതിയും മോസ്കോ ഇൻവെസ്റ്റിഗേറ്റീവ് കമ്മിറ്റിയും അന്വേഷണം ആരംഭിച്ചു.
