തിരുവനന്തപുരം: ക്യാബിനറ്റ് റാങ്കുള്ള പദവി വേണമെന്ന യുഡിഎഫ് ഘടക കക്ഷികളുടെ ആവശ്യത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ്റെ തീരുമാനം ഉടൻ. ഘടക കക്ഷി നേതാക്കളുമായി ചർച്ച നടത്തിയ ശേഷമാകും മുഖ്യമന്ത്രി തീരുമാനമെടുക്കുക. എം കെ മുനീറിനായി മുസ്ലീം ലീഗും പി ജെ ജോസഫിനായി കേരള കോൺഗ്രസുമാണ് രംഗത്തുള്ളത്. സമ്മർദവുമായി ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് ജനറൽ സെക്രട്ടറിയായ ജി ദേവരാജനും കേരള ഡെമോക്രാറ്റിക് പാർട്ടി നേതാവും എംഎൽഎയുമായ മാണി സി കാപ്പനും രംഗത്ത് എത്തിയിട്ടുണ്ട്. അതേസമയം മാണി സി കാപ്പനും എം കെ മുനീറിനും പി ജെ ജോസഫിനുമാണ് മുൻഗണന. പി ജെ ജോസഫിനായി കേരള കോൺഗ്രസ് നേതാവും മന്ത്രിയുമായ മോൻസ് ജോസഫ് ആണ് രംഗത്തെത്തിയിരുന്നത്. മുന്നണിയിലെ മുതിർന്ന നേതാവായ ജോസഫിന് ക്യാബിനറ്റ് റാങ്കുള്ള പദവി സ്വാഭിവകമായും അവകാശപ്പെട്ടതാണെന്നായിരുന്നു മോൻസ് ജോസഫ് പറഞ്ഞിരുന്നത്. ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷ പദവിയാണ് എം കെ മുനീറിനായി മുസ്ലീം ലീഗ് ആവശ്യപ്പെട്ടിരിക്കുന്നത്. നോർക്ക വൈസ് ചെയർമാൻ പദവിയോടാണ് മാണി സി കാപ്പന് താൽപര്യം.
ക്യാബിനറ്റ് റാങ്ക് പദവി; കാപ്പന് പരിഗണന
