തിരുവനന്തപുരം: കൂട്ടിയ ഇന്ധന വിലയുടെ നികുതി പിൻവലിക്കുന്നതിൽ ഒളിച്ചുകളി തുടർന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. സാമ്പത്തിക സ്ഥിതി പരിശോധിച്ച ശേഷം തീരുമാനം എന്ന പ്രഖ്യാപനത്തിൽ ഇനിയും നടപടിയായില്ല. സാമൂഹ്യക്ഷേമ, കിഫ്ബി സെസുകൾ പിൻവലിക്കുന്നതിലും തീരുമാനം നീളുകയാണ്. ബജറ്റിൽ പ്രഖ്യാപിക്കുമെന്ന നിലപാടിൽ നിന്നുമാണ് മുഖ്യമന്ത്രി മലക്കം മറിഞ്ഞിരിക്കുന്നത്.
പ്രതിപക്ഷ നേതാവായിരുന്നപ്പോൾ അദ്ദേഹം എടുത്ത മൂന്ന് നിലപാടുകളില്‍ നിന്ന് മലക്കം മറിഞ്ഞോ എന്നാണ് ഉയരുന്ന ചോദ്യം. ഇന്ധന വില കൂടുമ്പോള്‍ അധികം കിട്ടുന്ന നികുതി വേണ്ടെന്ന് ഉമ്മൻചാണ്ടി തീരുമാനിച്ചത് പോലെ പിണറായി വിജയൻ ചെയ്യുന്നില്ലെന്നാണ് പ്രതിപക്ഷത്ത് ഇരുന്നപ്പോള്‍ വി. ഡി സതീശൻ വിമർശിച്ചത്. ഈ നിലപാടില്‍ നിന്ന് അദ്ദേഹം പിന്നോട്ട് പോയോ എന്നാണ് ചോദ്യം.
ക്ഷേമ പെൻഷൻ മുടങ്ങാതിരിക്കാനാണ് ഇന്ധന സെസ് ഏര്‍പ്പെടുത്തിയതെന്ന് പറഞ്ഞ് പിണറായി സര്‍ക്കാരിനെ വിമര്‍ശിച്ച സതീശൻ നിലപാടില്‍ നിന്ന് പിന്നോട്ട് പോയോ, കിഫ്ബിയുടെ തിരിച്ചടവിന് ഇന്ധന സെസ് ഏര്‍പ്പെടുത്തിയത് ശരിയല്ല എന്ന നിലപാട് ഭരണത്തിൽ എത്തിയപ്പോള്‍ വിഴുങ്ങിയോ എന്നുമാണ് ഉയർന്നുവരുന്ന ചോദ്യങ്ങൾ.
