മുഖ്യമന്ത്രിയുടെ ഗുരുവായൂർ സന്ദർശനം; ദേവസ്വം ബോർഡ് ചെയർമാൻ പരിശോധന തുടങ്ങി

തൃശ്ശൂര്‍: മുഖ്യമന്ത്രിയുടെ ഗുരുവായൂരിലെ ക്ഷേത്ര ദര്‍ശന വിവാദത്തില്‍ ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ പരിശോധന തുടങ്ങി. ചട്ട ലംഘനം നടന്നിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്.

ചട്ട ലംഘനം നടന്നിട്ടുണ്ടെന്ന പരാതിയെ തുടർന്നാണ് ദേവസ്വം ബോർഡ് ചെയർമാൻ എ വി ഗോപിനാഥന്റെ പരിശോധന. ക്ഷേത്ര ഗോപുരത്തിലെ രേഖകൾ ദേവസ്വം ബോർഡ് ചെയർമാൻ പരിശോധിക്കും. സ്ഥലത്തുണ്ടായവരിൽ നിന്ന് മൊഴി രേഖപ്പെടുത്തും.

മന്ത്രി എപി അനില്‍കുമാറിന്‍റെ മകന്‍റെ വിവാഹത്തിനായി ഗുരുവായൂരിലെത്തിയ മുഖ്യമന്ത്രി വിഐപി ദര്‍ശനത്തിന് വിലക്കുള്ള ഞായറാഴ്ച രാവിലെ ദര്‍ശനം നടത്തിയത് വിവാദമായിരുന്നു.

മുഖ്യമന്ത്രിയുടെ സന്ദർശനം പുലര്‍ച്ചെ മുതല്‍ കാത്തുനിന്ന ഭക്തര്‍ക്ക് തടസ്സമുണ്ടാക്കിയെന്ന് കാണിച്ച് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ബി ഗോപാലകൃഷ്ണനാണ് പരാതി നല്‍കിയത്.

എന്നാല്‍, ഞായറാഴ്ച ദര്‍ശനം നടത്തിയത് നിയമാനുസൃതമായി ചീട്ടെടുത്താണെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. നെയ് വിളക്ക് ശീട്ടാക്കിയായിരുന്നു മുഖ്യമന്ത്രിയുടെ സന്ദര്‍ശനമെന്ന് ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ ഒ ബി അരുണ്‍കുമാറും വ്യക്തമാക്കി.

ക്ഷേത്രത്തില്‍ നെയ് വിളക്ക് ചീട്ടാക്കുന്നയാള്‍ക്ക് വരിനില്‍ക്കാതെ ദര്‍ശനം അനുവദിക്കുക പതിവുണ്ട്. ക്ഷേത്രത്തിലേക്ക് സതീശനെ സ്ഥിരമായി അനുഗമിക്കാറുള്ള മുന്‍ ദേവസ്വം ജീവനക്കാരന്‍ ടി കെ ഗോപാലകൃഷ്ണന്‍ അഞ്ച് നെയ് വിളക്കിന് ശീട്ടാക്കിയിരുന്നു.

അഞ്ച് പേര്‍ക്ക് കയറാമെന്നിരിക്കേ മുഖ്യമന്ത്രി ഉള്‍പ്പടെനാല് പേരാണ് ദര്‍ശനത്തിനായി കയറിയത്. മറ്റ് ഭക്തര്‍ക്ക് തടസ്സമുണ്ടാക്കാതെയാണ് മുഖ്യമന്ത്രി ദര്‍ശനം നടത്തിയതെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ ഒ ബി അരുണ്‍കുമാറും വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *